ബംഗളൂരു: ഏഷ്യയിലെ ഏറ്റവും വലിയ എയർ ഷോയ്ക്ക് തയ്യാറെടുത്ത് ബംഗളൂരു. ബംഗളൂരുവിലെ യെലഹങ്കയിലെ എയർഫോഴ്സ് സ്റ്റേഷനിൽ ഈ മാസം 13 മുതൽ 17 വരെയാണ് എയ്റോ ഇന്ത്യ 2023 നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി എയർഷോ ഉദ്ഘാടനം നിർവഹിക്കും. 1996 മുതൽ എയ്‌റോ ഇന്ത്യയുടെ 13 പതിപ്പുകളാണ് ബംഗളൂരുവിൽ നടന്നിട്ടുള്ളത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾ, എയറോസ്പേസ് നിക്ഷേപകർ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും.
ചടങ്ങിൽ പങ്കെടുക്കാനുള്ള ബാഡ്ജുകൾ ഉള്ളവർക്ക് മാത്രമേ പരിപാടിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളു. എയറോഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് ബാഡ്ജ് ലഭ്യമാകാനുള്ള വിവരങ്ങൾ ലഭിക്കും. ഓൺലൈൻ ആയി പെയ്‌മെന്റ് നടത്താനുള്ള സൗകര്യങ്ങളും ഇതിലുണ്ട്.
മൂന്ന് വ്യത്യസ്ത തരത്തിലുള്ള ടിക്കറ്റുകളാണ് സന്ദർശകർക്ക് ലഭിക്കുന്നത്. എയർ ഡിസ്പ്ലേ വ്യൂവിംഗ് ഏരിയ ടിക്കറ്റുകൾ, പൊതു ടിക്കറ്റുകൾ, ബിസിനസ് സന്ദർശകരുടെ ടിക്കറ്റുകൾ എന്നിവയാണവ. 1000 രൂപ മുതലുള്ള ടിക്കറ്റുകൾ ഷോയിൽ ലഭ്യമാണ്. പൊതു പ്രവേശന ടിക്കറ്റിന് ഇന്ത്യൻ പൗരന്മാർക്ക് 2500 രൂപയും വിദേശികൾക്ക് 50 ഡോളറും ആണ് ഈടാക്കുന്നത്. ബിസിനസ് വിസിറ്റർ ടിക്കറ്റിന് വിദേശ പൗരന്മാർക്ക് 150 ഡോളറും ഇന്ത്യൻ പൗരന്മാർക്ക് 5,000 രൂപയുമാണ് ഈടാക്കുന്നത്. ജിഎസ്ടി ഉൾപ്പെടെയുള്ള നിരക്കാണിത്.
Discussion about this post