ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പ് രാജ്യം ഇതുവരെ കാണാത്ത രാഷ്ട്രീയ അനിശ്ചിതത്വങ്ങളിലേക്കും സംഘർഷങ്ങളിലേക്കും നീങ്ങുന്നു. മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിനെ മാറ്റിനിർത്തിക്കൊണ്ട് നടക്കുന്ന തിരഞ്ഞെടുപ്പിൽ, മുഖ്യധാരാ കക്ഷികളായ ബിഎൻപി (BNP), ജമാഅത്തെ ഇസ്‌ലാമി എന്നിവർക്കൊപ്പം ഇടക്കാല സർക്കാർ മുന്നോട്ടുവെച്ച ‘ജൂലൈ ചാർട്ടർ’) ഹിതപരിശോധനയും ഒരേ ദിവസം നടക്കുമെന്നതാണ് ശ്രദ്ധേയം.
എന്താണ് ജൂലൈ ചാർട്ടർ?
2024 ജൂലൈയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തെത്തുടർന്നാണ് ഈ പരിഷ്‌കരണ രേഖയ്ക്ക് രൂപം നൽകിയത്. പ്രധാനമന്ത്രിയുടെ അധികാരം വെട്ടിക്കുറയ്ക്കുക, കാലാവധി രണ്ട് ടേമുകളായി നിജപ്പെടുത്തുക.പാർലമെന്റിൽ ഉപരിസഭ കൂടി ഉൾപ്പെടുത്തി ദ്വിമണ്ഡല സംവിധാനം കൊണ്ടുവരിക. ‘ബംഗാളി’ എന്ന വംശീയ സ്വത്വത്തിന് പകരം കൂടുതൽ ഉൾക്കൊള്ളുന്ന ‘ബംഗ്ലാദേശി’ സ്വത്വം ഭരണഘടനാപരമായി കൊണ്ടുവരിക. തിരഞ്ഞെടുപ്പ് സമയത്ത് നിഷ്പക്ഷമായ ഇടക്കാല സർക്കാർ സംവിധാനം പുനഃസ്ഥാപിക്കുക എന്നിവയാണ് ഇതിലെ പ്രധാന നിർദ്ദേശങ്ങൾ.
തിരഞ്ഞെടുപ്പിനൊപ്പം ഹിതപരിശോധന കൂടി നടത്തുന്നതിനെതിരെ ഭരണഘടനാ വിദഗ്ധരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിട്ടുണ്ട്.
ഇടക്കാല ഭരണകൂടം നേരിട്ട് ‘യെസ്’ വോട്ടിനായി പ്രചാരണം നടത്തുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് പ്രമുഖ നിയമവിദഗ്ധൻ ഷാദീൻ മാലിക് ആരോപിച്ചു. ബാങ്കുകളിലും സ്കൂളുകളിലും ഫാക്ടറികളിലും ഭരണകൂടം തന്നെ പ്രചാരണ ബാനറുകൾ പതിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ ക്രൂരമായ ആക്രമണങ്ങൾ തുടരുന്നതിനിടെ ഇത്തരം ഒരു വോട്ടെടുപ്പ് നടത്തുന്നത് സുരക്ഷിതമാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ദീപു ദാസ് ഉൾപ്പെടെയുള്ള ഹിന്ദു യുവാക്കൾ ക്രൂരമായി കൊലചെയ്യപ്പെട്ടത് ആഗോളതലത്തിൽ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. കഴിഞ്ഞ 18 ദിവസത്തിനിടെ 6 ഹിന്ദുക്കളാണ് രാജ്യത്ത് കൊല്ലപ്പെട്ടത്.
അയൽരാജ്യത്തെ ഈ രാഷ്ട്രീയ അഴിച്ചുപണികൾ ഭാരതത്തെ സംബന്ധിച്ചിടത്തോളം നിർണ്ണായകമാണ്. ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സംരക്ഷണം ഉറപ്പാക്കണമെന്ന് ഇന്ത്യ ആവർത്തിച്ചു ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ ചാർട്ടറിലൂടെ ഇസ്‌ലാമിസ്റ്റ് ശക്തികൾക്ക് ഭരണകൂടത്തിൽ കൂടുതൽ സ്വാധീനം ലഭിക്കുമോ എന്ന ആശങ്ക ഇന്ത്യയിലെ ദേശീയ രാഷ്ട്രീയ നിരീക്ഷകർ പങ്കുവെക്കുന്നുണ്ട്.











Discussion about this post