ലണ്ടൻ: യുകെയിലെ മുസ്ലീങ്ങളുടെ തീവ്രമതചിന്തയും ഖാലിസ്ഥാനികളും ഉയർന്നുവരുന്ന തീവ്രവാദ ഭീഷണികളാണെന്ന് ബ്രിട്ടീഷ് സർക്കാർ.യുകെയിലെ ജനങ്ങളിൽക്കിടയിൽ ഭീകരവാദം വളർന്നു വരുന്നത് തടയുന്നതിനായി പബ്ലിക് അപ്പോയ്‌മെന്റ്‌സ് കമ്മീഷണർ വില്യം ഷാക്രോസ് നടത്തിയ പ്രിവന്റ് എന്ന പഠനത്തിന്റെ അവലോകന റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്
ഇക്കോ ടെററിസം, തീവ്ര ഇടതുപക്ഷത്തിന്റെ വിനാശകരമായ പ്രവർത്തനങ്ങൾ, യുകെയിലെ ഹമാസിനുള്ള തുറന്ന പിന്തുണ എന്നിവയ്ക്കൊപ്പം യുകെ നേരിടുന്ന നിലവിലുള്ളതും പ്രതീക്ഷിക്കാവുന്നതുമായ ഭീകര ഭീഷണികളിലാണ് ഇവ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇസ്ലാമിക തീവ്രവാദം രാജ്യത്തെ പ്രാഥമിക ഭീഷണിയാണെന്നും അതിനെ നേരിടാനുള്ള ശുപാർശകളും റിപ്പോർട്ടിലുണ്ട്.
ഇന്ത്യവിരുദ്ധ വികാരവും കശ്മീർ വിഷയത്തെ സംബന്ധിച്ച പാകിസ്താനിൽ നിന്നുള്ള പണ്ഡിതന്മാരുടെ തീവ്ര പ്രസംഗങ്ങളും യുകെ മുസ്ലീങ്ങളെ വളരെയധികം സ്വാധീനിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. കശ്മീരിൽ ആക്രമണം നടത്താൻ പ്രേരിപ്പിക്കുന്നുവെന്നും ലഹള നടത്താൻ ആഹ്വാനം ചെയ്യുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
യുകെയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങളെ കുറിച്ചും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ഇസ്ലാമിനെ അനാദരിക്കുന്നുവെന്ന ആരോപണങ്ങൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വരുത്തുന്ന ദോഷത്തെക്കുറിച്ചുള്ള ആശങ്കയും റിപ്പോർട്ടിൽ പ്രതിപാദിക്കുന്നുണ്ട്.
യുകെയിലെ സിഖ് സമുദായങ്ങളിൽ നിന്ന് ഉയർന്നുവരുന്ന ഖാലിസ്ഥാൻ അനുകൂല തീവ്രവാദത്തെക്കുറിച്ച് ശ്രദ്ധിക്കണമെന്ന് റിപ്പോർട്ടിൽ നിർദ്ദേശമുണ്ട്. യുകെയിൽ പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ അനുകൂല ഗ്രൂപ്പുകൾ തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു. സിഖുകാരെ പീഡിപ്പിക്കാൻ ഇന്ത്യയിലെ സർക്കാർ സിഖുകാരുടെ എതിരാളികളുമായി കൂട്ടുനിൽക്കുകയാണെന്നാണ് പ്രചരണം. ഇത്തരം പ്രചരണങ്ങൾ ഇന്ത്യയിൽ ഖാലിസ്ഥാൻ അനുകൂല പ്രസ്ഥാനം നടത്തുന്ന അക്രമങ്ങളെ മഹത്വപ്പെടുത്തുന്നു. നിലവിലെ ഭീഷണി കുറവാണെങ്കിലും, വിദേശത്ത് നടക്കുന്ന അക്രമങ്ങളെ പ്രശംസിക്കുന്നതെല്ലാം ഭാവിയ്ക്ക് നല്ലതെല്ലെന്ന് റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
Discussion about this post