ശ്രീനഗർ: കടുത്ത മഞ്ഞു വീഴ്ചയിലും പൂർണ ഗർഭിണിയായ യുവതിയ്ക്ക് ആശ്വാസത്തിന്റെ കിരണമായി ഇന്ത്യൻ സൈന്യം. പ്രസവ വേദനയെ തുടർന്ന് ആരോഗ്യനില മോശമായ യുവതിയെ കര- വ്യോമ സേനകൾ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വാറിലാണ് സംഭവം.
നവാപച്ചി സ്വദേശിനിയെയാണ് ഇന്ത്യൻ സൈന്യം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. പൂർണ ഗർഭിണിയായ യുവതിയ്ക്ക് കഴിഞ്ഞ ദിവസം പ്രസവ വേദന അനുഭവപ്പെട്ടിരുന്നു. കനത്ത മഞ്ഞ് വീഴ്ചയെ തുടർന്ന് റോഡ് മുഴുവൻ തടസ്സപ്പെട്ടതിനാൽ ആശുപത്രിയിൽ എത്തിക്കാൻ കുടുംബത്തിന് കഴിയുമായിരുന്നില്ല. ഉടനെ ഇവർ സൈന്യത്തിന്റെ സഹായം തേടുകയായിരുന്നു.
വിവരം അറിഞ്ഞ ഉടൻ ആവശ്യമായ സംവിധാനങ്ങളുമായി സേനാംഗങ്ങൾ യുവതിയുടെ വീട്ടിൽ എത്തി. തുടർന്ന് സ്‌ട്രെച്ചറിൽ ചുമന്ന് യുവതിയെ വ്യോമ സേനയുടെ ഹെലികോപ്റ്ററിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. നിലവിൽ യുവതിയുടെ നില തൃപ്തികരമാണെന്നാണ് വിവരം.
സംഭവത്തിൽ പ്രദേശവാസികൾ സൈന്യത്തിന് നന്ദി പറഞ്ഞു. പ്രതികൂല കാലാവസ്ഥയിൽ കശ്മീരിലെ ജനങ്ങൾക്ക് ജീവിക്കുക അക്ഷരാർത്ഥത്തിൽ വിഷമകരമാണ്. എന്നാൽ ഇന്ത്യൻ സൈന്യം ഈ വിഷമം മറി കടക്കാൻ സൈന്യം തങ്ങളെ സഹായിക്കുന്നു. ജീവൻ നൽകി നാടിനെയും ജനങ്ങളെയും സഹായിക്കുന്ന സൈന്യത്തിന് നന്ദി പറയുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.
Discussion about this post