മുംബൈ: ദാവൂദി ബോറ വിഭാഗത്തിന്റെ അൽജാമിയ തൂസ് സൈഫിയ അറബിക് പഠന കേന്ദ്രത്തിന്റെ മുംബൈ ക്യാമ്പസ് ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ പ്രധാനമന്ത്രിയായല്ല, ഒരു കുടുംബാംഗമായാണ് ചടങ്ങിൽ സംബന്ധിക്കുന്നതെന്ന് മോദി പറഞ്ഞു. ദാവൂദി ബോറ സമൂഹവുമായി തനിക്ക് അടുത്ത ബന്ധമാണുള്ളതെന്നും പ്രധാനമന്ത്രി അറിയിച്ചു.
‘ഇവിടേക്ക് വരുന്നത് സ്വന്തം കുടുംബത്തിലേക്ക് വരുന്നത് പോലെയാണ്. ഞാൻ നിങ്ങളുടെ വീഡിയോ കണ്ടിരുന്നു. അതിൽ എനിക്ക് ഒരു പരാതിയുണ്ട്. അതിൽ നിങ്ങൾ എന്നെ പ്രധാനമന്ത്രി എന്ന് ആവർത്തിച്ച് സംബോധന ചെയ്യുന്നു. ഞാൻ ഇവിടെ പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ആയല്ല എത്തിയിരിക്കുന്നത്. ഞാൻ നിങ്ങളുടെ കുടുംബാംഗമാണ്. മറ്റ് പലർക്കും അവകാശപ്പെടാനില്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്. ഈ കുടുംബവുമായി നാല് തലമുറകളുടെ ബന്ധം എനിക്കുണ്ട്. ഈ നാല് തലമുറകളിലും പെട്ടവർ എന്റെ വീട്ടിൽ വന്നിട്ടുണ്ട്.‘ പ്രധാനമന്ത്രി വികാരാധീനനായി.
കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച വിഭാഗമാണ് ദാവൂദി ബോറകൾ. കാലാനുസൃതമായ പുരോഗതിയുടെ അടയാളമാണ് അൽജാമിയ തൂസ് സൈഫിയയുടെ ഈ ക്യാമ്പസ്. ഉദ്ദേശ്യം നല്ലതാണെങ്കിൽ, ഫലം എക്കാലവും നന്മ മാത്രമായിരിക്കും. അൽജാമിയ തൂസ് സൈഫിയ അതിന്റെ ഉദാഹരണമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
ഷിയാ ആചാരം പിന്തുടരുന്നവർ ഭൂരിപക്ഷമായ വ്യാപാരി മുസ്ലിം വിഭാഗമാണ് ദാവൂദി ബോറകൾ. ഗുജറാത്തിലെ സിദ്ധ്പൂരാണ് ഇവരുടെ ആസ്ഥാനം. ഇന്ത്യയിലെ ആകെ മുസ്ലിം ജനസംഖ്യയുടെ പത്ത് ശതമാനം മാത്രമാണ് ഈ വിഭാഗം. ബിജെപിയുടെ ന്യൂനപക്ഷ മുഖമായ നിരവധി നേതാക്കൾ ദാവൂദി ബോറ വിഭാഗത്തിൽ നിന്നുള്ളവരാണ്.
Discussion about this post