വാഷിംഗ്ടൺ: റഷ്യയും യുക്രെയ്നും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏത് ശ്രമങ്ങളേയും അമേരിക്ക സ്വാഗതം ചെയ്യുമെന്ന് വ്യക്തമാക്കി വൈറ്റ് ഹൗസ്. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവന അദ്ദേഹം വിശ്വസിക്കുന്ന ആശയത്തെ ശരിവയ്ക്കുന്നതാണെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി പറഞ്ഞു.
” ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പുടിന് ഇനിയും സമയമുണ്ടെന്നാണ് ഞാൻ കരുതുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുടിനെ ഇക്കാര്യങ്ങൾ ബോധ്യപ്പെടുത്താൻ സാധിക്കും. യുക്രെയ്‌നുമായുള്ള ശത്രുതയ്ക്ക് അവസാനമുണ്ടാകണം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന അത്തരത്തിലുള്ള ഏത് തരം സമാധാന ശ്രമങ്ങളേയും അമേരിക്ക പിന്തുണയ്ക്കും.
ഇത് യുദ്ധത്തിന്റെ കാലഘട്ടമല്ലെന്നാണ് പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ പ്രധാനമന്ത്രി പറഞ്ഞത്. ഇത് അദ്ദേഹം വിശ്വസിക്കുന്ന ആശയത്തിൽ നിന്ന് ഉണ്ടായ പ്രസ്താവനയാണ്. യൂറോപ്പും അമേരിക്കയുമെല്ലാം ഇതിനെ സ്വാഗതം ചെയ്യുന്നുണ്ട്. ലോകം മുഴുവൻ ഇതിനെ അംഗീകരിക്കുന്നുണ്ടെന്നും” കിർബി പറഞ്ഞു.
അതേസമയം റഷ്യ-യുക്രെയ്ൻ യുദ്ധത്തിന്റെ ഉത്തരവാദിത്തം പുടിനാണെന്നും കിർബി കുറ്റപ്പെടുത്തി. യുക്രെയ്‌നിലെ ജനത ഇന്ന് അനുഭവിക്കുന്നതിന് മുഴുവൻ കാരണക്കാരൻ പുടിൻ ആണ്. ഇത് അവസാനിപ്പിക്കാനുള്ള യാതൊന്നും പുടിൻ ചെയ്യുന്നില്ലെന്നും കിർബി ആരോപിച്ചു.
Discussion about this post