ബംഗളൂരു: ഒരു കുഞ്ഞുണ്ടാകുമ്പോൾ ആ കുട്ടിക്ക് പേരിടാൻ നമ്മൾ അത്യാവശ്യം നന്നായി കഷ്ടപ്പെടാറുണ്ട്. കാരണം ആഴ്ചകളോളം തപ്പിയിട്ടായിരിക്കും പലരും കുട്ടിക്ക് പേര് കണ്ടെത്തുന്നത്. കണ്ടെത്തുന്ന പേര് ഏറ്റവും മനോഹരമായിരിക്കണമെന്നാണ് നമ്മൾ ആഗ്രഹിക്കാറ്. എന്നാൽ കർണാടകയിലെ ഒരു ഗ്രാമം അവിടെയുള്ള ആൾക്കാരുടെ പേര് കൊണ്ടാണ് ഇപ്പോൾ പ്രശസ്തമായിരിക്കുന്നത്.
വിചിത്രമായ പേരുകളാണ് ഗ്രാമത്തിലെ പലർക്കുമുള്ളത്. കോഫി, ഗൂഗിൾ, ബ്രിട്ടീഷ്, അമിതാഭ്, ഹൈക്കോടതി, ഗ്ലൂക്കോസ്, ഇംഗ്ലീഷ് എന്നിങ്ങനെ വ്യത്യസ്തമായ പേരിലുള്ളവരാണ് ഈ ഗ്രാമത്തിലുള്ളവർ. കർണാടകയിലെ ഭദ്രാപൂരിലെ ഹക്കി പിക്കി ആദിവാസി സമൂഹമാണ് തങ്ങളുടെ അടുത്ത തലമുറയ്ക്ക് ആളുകളുടേയും വസ്തുക്കളുടേയും പേരിടുന്നത്. 15 വർഷം മുൻപാണ് ഇവർ ഈ വിചിത്രമായ ആചാരം ആരംഭിച്ചത്. ‘പക്ഷികളെ പിടിക്കുന്നവർ’ എന്നാണ് കന്നഡ ഭാഷയിലെ ഹക്കി പിക്കി എന്നാൽ അർത്ഥം.
മൈസൂർ പാക്ക്, ഷാരൂഖ്, സുപ്രീം കോടതി, അമേരിക്ക, ഒബാമ, വൺ ബൈ ടു, രൺബീർ, ബസ്, ട്രെയിൻ, ഡോളർ, എലിസബത്ത്, അനിൽ കപൂർ എന്നിങ്ങനെയെല്ലാം പേരുകളുള്ള കുട്ടികൾ ഈ ഗ്രാമത്തിലുണ്ട്. ഓരോ കുട്ടികളുടേയും പേരിന് പിന്നിൽ മാതാപിതാക്കൾക്കും ഓരോ കഥകൾ പറയാനുണ്ട്. ഉദാഹരണത്തിന് മൈസൂർ പാക്കിന്റെ മാതാപിതാക്കൾക്ക് മധുരം വളരെ ഇഷ്ടമാണ്. അങ്ങനെയാണ് ഏറ്റവും നല്ല മധുരപലഹാരത്തിന്റെ പേര് അവർ കുട്ടിക്ക് നൽകുന്നത്.
പേരിൽ മാത്രമല്ല. ഹക്കി പിക്കി ഗ്രാമവാസികൾ ഇനിയും വളരെ വിചിത്രമായ ആചാരങ്ങൾ പിന്തുടരുന്നവരാണ്. വിവാഹസമയത്ത് വരൻ വധുവിനാണ് സ്ത്രീധനം നൽകുന്നത്. ഇവർ പിരിയുകയാണെങ്കിൽ വിവാഹസമയത്ത് നൽകിയ സ്ത്രീധനത്തിന്റെ പകുതി സ്ത്രീ തിരികെ നൽകണം.
Discussion about this post