നാഗ്പൂർ: ബോർഡർ ഗവാസ്കർ ട്രോഫിയിലെ ഒന്നാം മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ഒരു ഇന്നിംഗ്സിനും 132 റൺസിനുമാണ് ഓസീസിനെതിരായ ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിംഗ്സിൽ 5 വിക്കറ്റ് വീഴ്ത്തിയ അശ്വിനാണ് ഓസീസിനെ തകർത്തത്. വെറും 93 റൺസിനാണ്, മൂന്നാം ദിനം ചായക്ക് മുൻപേ ഓസീസ് പുറത്തായത്.
ഓസീസ് ഉയർത്തിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 177നെതിരെ ഇന്ത്യ 400 റൺസ് നേടി. 120 റൺസെടുത്ത ക്യാപ്ടൻ രോഹിത് ശർമ്മയായിരുന്നു ടോപ് സ്കോറർ. 84 റൺസെടുത്ത അക്ഷർ പട്ടേലും 70 റൺസെടുത്ത രവീന്ദ്ര ജഡേജയും 37 റൺസെടുത്ത മുഹമ്മദ് ഷമിയും ഓസീസ് ബൗളർമാരെ നിലം പരിശാക്കി.
ജഡേജയുടെ 5 വിക്കറ്റ് പ്രകടനത്തിന്റെ കരുത്തിലാണ് ഒന്നാം ഇന്നിംഗ്സിൽ ഇന്ത്യൻ ഓസ്ട്രേലിയയെ 177 റൺസിന് പുറത്താക്കിയത്.
25 റൺസുമായി പുറത്താകാതെ നിന്ന മുൻ ക്യാപ്ടൻ സ്റ്റീവൻ സ്മിത്ത് ആണ് രണ്ടാം ഇന്നിംഗ്സിലെ ഓസീസിന്റെ ടോപ് സ്കോറർ. സ്മിത്തിനെ കൂടാതെ മൂന്ന് ഓസീസ് ബാറ്റ്സ്മാന്മാർക്ക് കൂടിയേ രണ്ടക്കം കടക്കാൻ സാധിച്ചുള്ളൂ. 5 വിക്കറ്റെടുത്ത അശ്വിന് മികച്ച പിന്തുണ നൽകിയ ജഡേജ രണ്ടാം ഇന്നിംഗ്സിൽ 2 വിക്കറ്റ് വീഴ്ത്തി. ഷമിക്കും 2 വിക്കറ്റുണ്ട്. അക്ഷർ പട്ടേലിന് ഒരു വിക്കറ്റ് ലഭിച്ചു.
മത്സരത്തിന്റെ സമസ്ത മേഖലകളിലും പരാജയപ്പെട്ട ഓസ്ട്രേലിയക്ക്, അരങ്ങേറ്റക്കാരൻ സ്പിന്നർ ടോഡ് മർഫിയുടെ 7 വിക്കറ്റ് പ്രകടനം മാത്രമാണ് ആശ്വസിക്കാനുള്ളത്.
Discussion about this post