ദുബായ്: നാഗ്പൂർ ടെസ്റ്റിൽ ഓസ്ട്രേലിയക്കെതിരെ നേടിയ തകർപ്പൻ ഇന്നിംഗ്സ് ജയത്തോടെ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള പോയിന്റ് പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം. നിലവിൽ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.92ൽ നിന്നും 61.66 ആയി ഉയർന്നു. പട്ടികയിൽ ഒന്നാമതുള്ള ഓസ്ട്രേലിയയുടെ പോയിന്റ് ശതമാനം 75.55ൽ നിന്നും ഇടിഞ്ഞ് 70.83 ആയി.
മൂന്നാമതുള്ള ശ്രീലങ്കയാണ് നിലവിൽ ഇന്ത്യക്ക് ഭീഷണി ഉയർത്തുന്ന ടീം. ന്യൂസിലൻഡിനെതിരെ മാർച്ചിൽ ശ്രീലങ്കയ്ക്ക് രണ്ട് ടെസ്റ്റ് മത്സരങ്ങൾ കളിക്കാനുണ്ട്. ഇതിന്റെ ഫലം ഇന്ത്യയെ സംബന്ധിച്ച് നിർണായകമാണ്. ഈ പരമ്പരയിൽ ശ്രീലങ്ക 60ന് മുകളിൽ പോയിന്റ് നേടിയാൽ ഇന്ത്യയുടെ സാദ്ധ്യതകൾ തുലാസ്സിലാകും.
ന്യൂസിലൻഡിനെ രണ്ട് കളികളിലും പരാജയപ്പെടുത്തിയാൽ ശ്രീലങ്കയ്ക്ക് 61.111 പോയിന്റ് ശതമാനമാകും. അതിനാൽ ഈ പരമ്പരയിൽ ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 3-1ന് എങ്കിലും ജയിക്കണം. പരമ്പര 2-2 സമനലിയിലായാൽ, സൗത്ത് ആഫ്രിക്കയുടെ നേരിയ സാദ്ധ്യതകൾ കൂടി അസ്തമിക്കും. നിലവിലെ പോയിന്റ് നില അനുസരിച്ച് ദക്ഷിണാഫ്രിക്കക്ക് ലഭിക്കാവുന്ന ഏറ്റവും മികച്ച ശരാശരി 56.4 ആണ്.
എന്നാൽ ഓസ്ട്രേലിയയെ 3-0 എന്ന നിലയിലോ 4-0 എന്ന നിലയിലോ തോൽപ്പിക്കാൻ സാധിച്ചാൽ, പോയിന്റ് പട്ടികയിൽ ഒന്നാമതായി ഇന്ത്യക്ക് ഫൈനൽ കളിക്കാം. അപ്പോൾ രണ്ടാം ഫൈനലിസ്റ്റ് സ്ഥാനത്തിനായി ഓസ്ട്രേലിയക്ക് ശ്രീലങ്കയുടെ പോയിന്റുകളെ ആശ്രയിക്കേണ്ടി വരും. ഫലത്തിൽ ഓസ്ട്രേലിയയുടെ സമ്പൂർണ്ണ പരാജയം ശ്രീലങ്കയ്ക്ക് ഗുണമാകും.
Discussion about this post