ഇസ്താംബൂൾ: തുർക്കിയിലും സിറിയയിലുമായുണ്ടായ ഭൂകമ്പത്തിൽ മരണം 28,000 പിന്നിട്ടിരിക്കുകയാണ്. ആറായിരത്തിലധികം കെട്ടിടങ്ങളാണ് ഭൂകമ്പത്തിൽ തകർന്നടിഞ്ഞത്. നിരവധി ആളുകൾക്കാണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. നാശനഷ്ടങ്ങളുടേയും നിരാശയുടേയും വാർത്തകൾക്കിടയിൽ അതിജീവനത്തിന്റെ അത്ഭുതപ്പെടുത്തുന്ന കഥകളും പുറത്ത് വരുന്നുണ്ട്.
തുർക്കിയിലെ ഹതായിൽ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ നിന്ന് രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷപെടുത്തിയ വാർത്തയാണ് ലോകം അത്ഭുതത്തോടെ കേൾക്കുന്നത്. ഇന്നലെയാണ് കുഞ്ഞിനെ രക്ഷാപ്രവർത്തകർ പുറത്തെടുക്കുന്നത്. ഭൂകമ്പമുണ്ടായി 128 മണിക്കൂറിന് ശേഷമാണ് കുട്ടിയെ ജീവനോടെ കണ്ടെത്തിയത്. കയ്യടികളോടെ ആഹ്ലാദപ്രകടനം നടത്തിയാണ് കുട്ടിയെ രക്ഷാപ്രവർത്തകർ സ്വീകരിച്ചത്.
ആയിരക്കണക്കിന് രക്ഷാപ്രവർത്തകരാണ് അതിശൈത്യം നിറഞ്ഞ കാലാവസ്ഥയിലും രക്ഷാപ്രവർത്തനം തുടരുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രാജ്യത്ത് ഉണ്ടാകുന്നത്. നൂറ്റാണ്ടിലെ ഏഴാമത്തെ വലിയ പ്രകൃതി ദുരന്തമായാണ് ഇതിനെ കണക്കാക്കുന്നത്. 2003ൽ ഇറ്റലിയിലുണ്ടായ ഭൂചലനത്തിൽ 31,000 പേർ കൊല്ലപ്പെട്ടിരുന്നു. തുർക്കിയിലെ മരണസംഖ്യ ഇതിലുമധികം ഉയരുമെന്നാണ് കണക്കുകൾ പറയുന്നത്.
Discussion about this post