വാഷിംഗ്ടൺ: അമേരിക്കയുടെ ആകാശത്തിലൂടെ വീണ്ടും റോന്ത് ചുറ്റി അജ്ഞാത വസ്തു. ഏറെ നേരത്തെ നിരീക്ഷണത്തിന് ശേഷം പേടകത്തെ വെടിവച്ച് വീഴ്ത്തി. ഈ ആഴ്ചയിലെ നാലാമത്തെ സംഭവമാണിത്.
രണ്ട് ദിവസം മുൻപാണ് അജ്ഞാതവസ്തുവിനെ അമേരിക്കൻ റഡാറുകൾ കണ്ടെത്തുന്നത്. ആദ്യം മൊണ്ടാനക്ക് മുകളിലെ റഡാറിലാണ് കണ്ടെത്തിയത്. പിന്നീട് അപ്രതൃക്ഷമായ വസ്തു ഇന്നലെ മിഷിഗനിലെയും വിസ്‌കോൺസിനിലെയും റഡാറുകളിൽ കാണാൻ സാധിച്ചുവെന്നാണ് വിവരം.
ഇന്നലെ ഈ വസ്തു അലാസ്‌കയിലും കാനഡയിലും കണ്ടതിനെ തുടർന്ന് ആ പ്രദേശങ്ങളിലെ വ്യോമാതിർത്തി അമേരിക്ക അടച്ചു. തുടർന്നാണ് വെടിവച്ചിടുന്ന നടപടിയിലേക്ക് നീങ്ങിയത്. യുഎസ്-കനേഡിയൻ അതിർത്തിയിലെ ഹുറോൺ തടാകത്തിന് മുകളിലൂടെ വസ്തു നീങ്ങുമ്പോഴാണ് അമേരിക്കയുടെ നീക്കം. അമേരിക്കൻ വ്യോമസേനയും നാഷണൽ ഗാർഡും ചേർന്നാണ് ഈ മിഷന് നേതൃത്വം നൽകിയത്
അഷ്ടഭുജത്തിന്റെ ആകൃതിയിലുള്ള ഈ വസ്തു 20000 അടി ഉയരത്തിലാണ് പറന്നിരുന്നു എന്നും ആളില്ലാ വാഹനം ആയിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം രാജ്യത്തിന് മുകളിലൂടെ നീങ്ങിയ അജ്ഞാത വസ്തുവിനെ അമേരിക്കയുടെ സഹായത്തോടെ കാനഡ. വെടിവച്ച് വീഴ്ത്തിയിരുന്നു. പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് അജ്ഞാത വസ്തു നശിപ്പിക്കാൻ ഉത്തരവിട്ടത്. യുഎസിന്റെ എഫ്-22 ആണ് അജ്ഞാത വസ്തുവിനെ വെടിവച്ച് വീഴ്ത്തിയത്.
Discussion about this post