ഇടുക്കി: ഇടുക്കി ജില്ലയിലെ കാട്ടാന ശല്യവുമായി ബന്ധപ്പെട്ട് സമരം തുടരുന്ന കോൺഗ്രസിനെ പരിഹസിച്ച് മുൻ മന്ത്രിയായ എംഎം മണി എംഎൽഎ. കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ലെന്നും ആനയെ പിടിക്കാൻ വിഡി സതീശനെ ഏൽപ്പിക്കാമെന്നും എംഎം മണി പരിഹസിച്ചു.
കാട്ടാനശല്യം ഒഴിവാക്കാൻ സർക്കാർ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട് . സോണിയാഗാന്ധി ഇവിടെ വന്ന് ഭരിച്ചാലും ഇതിനപ്പുറം ഒന്നും ചെയ്യില്ല . കാട്ടാനയെ ഉണ്ടാക്കിയത് പിണറായി വിജയനല്ല .ആനയെ പിടിക്കാൻ വി ഡി സതീശനെ ഏൽപിക്കാമെന്നായിരുന്നു എംഎം മണിയുടെ പരിഹാസം.
എംഎം മണിയുടെ വാക്കുകളിലേക്ക്
”എന്നാ ചെയ്യാനാ? വിഡി സതീശൻ, പുള്ളിനെ അങ്ങ് ഏൽപ്പിക്കാം.കാട്ടാനയുടെ കാര്യം എന്നാ ചെയ്യാനാ? മനുഷ്യനാണേൽ നേരിടാം. കാട്ടുമൃഗം,കടുവ,പുലി,കാട്ടുപന്നി. കാട്ടുപന്നി ആണേൽ പോലും സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലേൽ അവൻ നമ്മളെ ശരിയാക്കും, അതാണ് പരുവം. അപ്പോ, ഒരു ഗവൺമെന്റ് ചെയ്യാൻ കഴിയുന്നതൊക്കെ ചെയ്യും, ഗവൺമെന്റിന്റെ പരാജയമാണിത്…ഞാൻ ചോദിക്കുന്നത് പിണറായി വിജയൻ ഉണ്ടാക്കിയതാണോ കാട്ടാനയെയും കാട്ടുപന്നിയെയും എല്ലാം? അങ്ങനാണേൽ ഒരുപാട് വർഷം ഭരിച്ച ഇവൻമാരാണല്ലോ, 75 വർഷം ഭരിച്ചില്ലേ? നെഹ്രു അടക്കമുള്ളവരല്ലേ ഭരിച്ചേ? അവർക്ക് കാട്ടുമൃഗങ്ങളെ ഇല്ലാതാക്കാമായിരുന്നുവല്ലോ? അവരുടെ ഒക്കെ നാട്ടിൽ ഇപ്പോൾ പുലിയാ!! ചുമ്മാ ഒരു ചെപ്പടി വേല,തട്ടിപ്പ്, വേറെ കാര്യം എന്നാ. ഒരു എംപി എന്ന് പറയുന്നവൻ ഉണ്ട്, അയാൾ ജീവിച്ചിരിപ്പുണ്ടെന്ന് തോന്നുന്നത് ഇപ്പോഴാണ്, പാർലമെന്റിൽ പോയിട്ട് മിണ്ടിയില്ല. വായിൽ വെള്ളം ഒഴിച്ച് ഇരിക്കുവായിരുന്നു. ഇവിടെ ജനങ്ങളുടെ ഒരുപാട് പ്രശ്‌നമുണ്ട്. ബഫർസോൺ പ്രശ്‌നം, ഇവിടെ ജനങ്ങൾ കിടന്ന് പിടക്കുകയാണ്, അവിടെ എന്ത് ചെയ്തു ഇവന്റെ ഒക്കെ പാർട്ടി?. ഗവൺമെന്റ് അതിന്റെ നിയമനടപടികൾ എല്ലാം ചെയ്യുന്നുണ്ട്. കുറച്ച് കാര്യങ്ങൾ ഇവിടെ തന്നെ ചെയ്തിട്ടുണ്ട്, ബാക്കി കാര്യം വനംവകുപ്പിനെ ഉപയോഗപ്പെടുത്തി ചെയ്യും, പിന്നെ ഗവൺമെന്റ് പ്രതിസന്ധി നേരിടുന്നവർക്ക് നഷ്ടപരിഹാരം നൽകും. കാട്ടാനയെ തുരത്തേണ്ടത് സങ്കീർണ്ണ പ്രശ്‌നമാണ്. ഇതിനെ ചെറുക്കാനുള്ള സംവിധാനം ഉണ്ടാക്കുന്നുണ്ട്.”
അതേസമയം ഇടുക്കിയിൽ കാട്ടാന ശല്യം രൂക്ഷമാവുകയാണ്. വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടികളില്ലാത്തതിനാൽ ആളുകൾ കാട്ടാന ഭീതിയിലാണ് കഴിയുന്നത്. ഇന്നലെ മൂന്നാറിൽ കാട്ടാന ആക്രമണം നടത്തിയിരുന്നു. ചോക്കനാട് എസ്റ്റേറ്റിൽ പലചരക്ക് കട ആക്രമിച്ച് മൈദയും സവാളയും തിന്നു. പിന്നാലെ വനംവകുപ്പ് പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകി.
Discussion about this post