കൊച്ചി: മുഖ്യമന്ത്രിയുടെ സുരക്ഷയുടെ പേരിൽ അസുഖമുള്ള നാലുവയസുള്ള കുഞ്ഞിന് മരുന്ന് വാങ്ങാൻ അനുവദിക്കാതെ പോലീസ്. കാലടി മത്തൂർ ജംഗ്ഷനിൽ ഇന്നലെയാണ് സംഭവം. മരുന്നു വാങ്ങാൻ എത്തിയ കുട്ടിയുടെ അച്ഛനോട് പോലീസ് തട്ടിക്കയറി. മരുന്ന് കട അടപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി.
ഇന്നലെ കാലടിയിൽ പോയ മുഖ്യമന്ത്രി വിമാനത്താവളത്തിലേക്ക് വരുമ്പോഴാണ് സംഭവം. കോട്ടയം സ്വദേശികളായ ശരതും, അദ്ദേഹത്തിന്റെ സഹോദരനും മത്തൂർ ജംഗ്ഷനിലുള്ള ഒരു മെഡിക്കൽ ഷോപ്പിൽ നിർത്തിയിരുന്നു. ഞായറാഴ്ചയായതിനാൽ പലസ്ഥലത്തും മെഡിക്കൽ ഷോപ്പ് ഉണ്ടായിരുന്നില്ല. കുട്ടിക്ക് പനി കൂടുതലും ഫിക്‌സും ഉള്ള പശ്ചാത്തലത്തിലാണ് വാഹനം അവിടെ നിർത്തി മരുന്ന് വാങ്ങാൻ ഷോപ്പിലേക്ക് കയറിയതെന്ന് ശരത് പറയുന്നു.
ആദ്യം പോലീസ് വിരട്ടി ഓടിച്ചതിനാൽ ഒരു കിലോമീറ്ററോളം പോയി മരുന്ന് ഷോപ്പ് അന്വേഷിച്ചു. അവിടെ മരുന്ന് ഷോപ്പ് ഇല്ലാതെ വന്നപ്പോഴാണ്, നേരത്തെ ചെന്ന മരുന്ന് ഷോപ്പിന് എതിർവശമുള്ള ഹോട്ടലിന് മുമ്പിൽ വാഹനം നിർത്തി റോഡ് മുറിച്ചു കടന്ന് മെഡിക്കൽ ഷാപ്പിലെത്തി മരുന്ന് വാങ്ങിയത്. ഈ സമയമാണ്, നേരത്തെ വിരട്ടിയോടിച്ച എസ്‌ഐ സതീശൻ തട്ടിക്കയറിയതെന്ന് ശരത് ആരോപിച്ചു. പിന്നീട് മെഡിക്കൽ ഷോപ്പ് ഉടമയോട് ഈ കട അടപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. നോ പാർക്കിംഗ് സ്ഥമല്ലാതിരിന്നിട്ടു കൂടി മരുന്ന് ഇവിടെ നിന്ന് വാങ്ങാൻ കഴിയില്ലെന്നും പോകുന്ന വഴിയിൽ നിന്നും വാങ്ങാനും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടുവെന്ന് ശരത് വെളിപ്പെടുത്തി.
സംഭവം നടന്ന ഉടൻ തന്നെ കൺട്രോൾ റൂമിലും ആലുവ റൂറൽ എസ്പി ഓഫീസിലും വിവരം അറിയിച്ചിരുന്നു. മുഖ്യമന്ത്രിയ്ക്കും ഇ മെയിൽ വഴി പരാതി നൽകിയിട്ടുണ്ട്. കയ്യിൽ മരുന്നു കുറിപ്പും മരുന്നും ഉണ്ടായിട്ട് കൂടി വളരെ മോശമായിട്ടാണ് പെരുമാറിയതെന്ന് സഹോദരങ്ങൾ ആരോപിച്ചു.












