കൊച്ചി : മദ്യപിച്ച് വാഹനം ഓടിച്ച ബസ് ഡ്രൈവർമാരെക്കൊണ്ട് ഇംപോസിഷൻ എഴുതിച്ച് പോലീസ്. ഇന്ന് പുലർച്ചെ അഞ്ച് മണി മുതൽ ഒൻപത് മണി വരെ നടത്തിയ പരിശോധനയിലാണ് ബസ് ഡ്രൈവർമാർ പിടിയിലായത്. തൃപ്പൂണിത്തുറ ഭാഗത്തായിരുന്നു പരിശോധന. 16 പേർ പിടിയിലായിട്ടുണ്ട്. ഇവരെക്കൊണ്ട് ”ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല” എന്ന് 1000 തവണ ഇംപോസിഷൻ എഴുതിച്ച ശേഷമാണ് ജാമ്യത്തിൽ വിട്ടത്.
സ്കൂൾ ബസും കെഎസ്ആർടിസി ബസും ഓടിച്ചവർ ഉൾപ്പെടെ പിടിയിലായിട്ടുണ്ട്. നാല് പേർ സ്കൂൾ ബസ് ഓടിച്ചവരാണ്. രണ്ടു പേർ കെഎസ്ആർടിസി ബസ് ഡ്രൈവർമാരും 10 പേർ പ്രൈവറ്റ് ബസ് ഓടിച്ച ഡ്രൈവർമാരുമാണ്. പിടികൂടിയ ബസിലെ യാത്രക്കാരെ പോലീസ് ഡ്രൈവർമാർ തൃപ്പൂണിത്തുറ ബസ്റ്റാൻഡിലെത്തിച്ച് തുടർ യാത്രാ സൗകര്യം ഒരുക്കി.
പിടിയിലായ കെഎസ്ആർടിസി ഡ്രൈവർമാർക്കെതിരെ പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി കെഎസ്ആർടിസി അധികാരികൾക്ക് അയയ്ക്കും. ഡ്രൈവർമാരുടെ ഡ്രൈവിംങ് ലൈസൻസ് റദ്ദാക്കുന്നതിനും ഇവർ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിക്കുമെന്നും തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് അറിയിച്ചു.
Discussion about this post