ലിസ്ബൺ : കഴിഞ്ഞ ഏഴ് ദശാബ്ദങ്ങൾക്കിടെ പോർച്ചുഗീസ് കത്തോലിക്കാ പള്ളിയിലുണ്ടായ ആക്രമണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 70 വർഷത്തിനിടെ 4,000 ത്തോളം കുട്ടികളെ ഇവിടെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം.
കുട്ടിക്കാലത്ത് ലൈംഗിക ദുരുപയോഗത്തിന് ഇരയായവർക്കും ഇതിനെതിരെ ശബ്ദമുയർത്തിയവർക്കും ആദരവറിയിക്കുന്നുവെന്ന് കമ്മീഷൻ അദ്ധ്യക്ഷനായ ചൈൽഡ് സൈക്യാട്രിസ്റ്റ് പെഡ്രോ സ്‌ട്രെക്റ്റ് പറഞ്ഞു.
ലൈംഗിക അതിക്രമങ്ങൾക്ക് ഇരയായവരിൽ ഭൂരിഭാഗവും പുരുഷന്മാരാണ്. മിക്ക കുറ്റവാളികളും പുരോഹിതന്മാരായിരുന്നു. കത്തോലിക്കാ സ്‌കൂളുകൾ, പള്ളികൾ, പുരോഹിതരുടെ ഭവനങ്ങൾ, കുമ്പസാരക്കൂടുകൾ എന്നിവിടങ്ങളിൽ വെച്ചാണ് അവർ ദുരുപയോഗം ചെയ്യപ്പെട്ടതെന്ന് സ്‌ട്രെക്റ്റ് പറഞ്ഞു. കുട്ടികൾക്ക് 10-14 വയസ്സുള്ളപ്പോഴാണ് ലൈംഗികാതിക്രമം കൂടുതലായി നടന്നത്. ഏറ്റവും പ്രായം കുറഞ്ഞ ഇരയ്ക്ക് രണ്ട് വയസ്സ് മാത്രമായിരുന്നു.
സഭയിൽ സജീവമായി നിൽക്കുന്ന ബിഷപ്പുമാരുൾപ്പെടെ ലൈംഗികാതിക്രമം മറച്ചുവെച്ച കേസുകൾ പോർച്ചുഗീസ് കത്തോലിക്കാ സഭയെ കഴിഞ്ഞ വർഷം ഉലച്ചിരുന്നു. നിലവിൽ കുറ്റാരോപിതരായ വൈദികരുടെ പട്ടിക തയ്യാറാക്കി വരികയാണെന്ന് കമ്മീഷൻ അറിയിച്ചു. 30 വർഷം മുമ്പ് നടന്ന ചരിത്രപരമായ കുറ്റകൃത്യങ്ങളിൽ നിയമനടപടികൾ ആരംഭിക്കാൻ നിയമം മാറ്റണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Discussion about this post