കോട്ടയം: പച്ചക്കറി മൊത്തവ്യാപാര കടയിൽ നിന്ന് മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിടാൻ തീരുമാനം. ഇടുക്കി എ ആർ ക്യാമ്പിലെ സിപിഒ വണ്ടൻപതാൽ പുതുപ്പറമ്പിൽ പി.വി.ഷിഹാബിനെയാണ് സർവീസിൽ നിന്ന് പിരിച്ചു വിടാനൊരുങ്ങുന്നത്. ഇയാൾക്ക് ജില്ലാ പോലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ട്. പിരിച്ചു വിടാതിരിക്കാൻ കാരണമുണ്ടെങ്കിൽ അറിയിക്കണമെന്നാണ് നോട്ടീസിൽ പറയുന്നത്. മറുപടി കിട്ടിയതിന് ശേഷം അന്തിമ തീരുമാനം ഉണ്ടാകും. മാങ്ങാ മോഷണത്തിന് പുറമെ ഇയാൾക്കെതിരെ നിരവധി ക്രിമിനൽ കേസുകളുമുണ്ട്. ഇത് കൂടി പരിഗണിച്ചാണ് തീരുമാനം.
കഴിഞ്ഞ സെപ്തംബർ 30നായിരുന്നു ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഷിഹാബ് കാഞ്ഞിരപ്പള്ളിയിലെ കടയുടെ മുമ്പിൽ സൂക്ഷിച്ച പത്ത് കിലോ മാമ്പഴം മോഷ്ടിച്ചു കൊണ്ട് പോയത്. കോട്ടയത്ത് നിന്ന് ജോലി കഴിഞ്ഞെത്തിയ ഷിഹാബ് മാങ്ങ പെറുക്കി സ്‌കൂട്ടറിന്റെ ഡിക്കിയിലിടുന്നത് കടയിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. യൂണിഫോമിൽ തന്നെയായിരുന്നു മോഷണം നടത്തിയത്. കടയുടമ ദൃശ്യമടക്കം നൽകിയ പരാതിയിലാണ് കേസെടുത്തത്.
തുടർന്ന് ഷിഹാബിനെ ഇടുക്കി ജില്ലാ പോലീസ് മേധാവി സസ്‌പെൻഡ് ചെയ്തു. സസ്പെൻഷൻ നടപടിയുണ്ടായെങ്കിലും പരാതി പിന്നീട് ഒത്തുതീർപ്പിലെത്തി. തനിക്കുണ്ടായ നഷ്ടം പ്രതി പരിഹരിച്ചതിനാൽ കേസ് പിൻവലിക്കാൻ കടയുടമ കാഞ്ഞിരപ്പള്ളി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിക്കുകയായിരുന്നു. എന്നാൽ സംഭവം പോലീസിന്റെ സൽപേരിന് കളങ്കമായി എന്ന് ആരോപിച്ച് ഇയാളെ പിരിച്ചുവിടാൻ ആഭ്യന്തര വകുപ്പിന് ശുപാർശ ചെയ്യുകയായിരുന്നു. മറുപടി ലഭിച്ചാലുടൻ ഷിഹാബിനെതിരെ നടപടി സ്വീകരിക്കാനാണ് തീരുമാനം.












