ബത്തേരി: കൂലിയായി 100 അധികം ചോദിച്ച വനവാസിതൊഴിലാളിയ്ക്ക് നേരെ ക്രൂര മർദ്ദനം.അമ്പലവയൽ നീർച്ചാൽ ആദിവാസി കോളനിയിലെ ബാബുവിനെ (58)യാണ് ക്രൂരമായി മർദ്ദിച്ചത്. സ്ഥിരമായി കൂലിപ്പണിക്കു പോകുന്ന വീട്ടിലെ ഉടമയുടെ മകനാണ് മർദ്ദിച്ചതെന്നാണ് വിവരം.
സംഭവ ദിവസം വൈകീട്ട് കുരുമുളക് പറിക്കാനായി പോയതായിരുന്നു ബാബു. അന്ന് കൂലിയായി 100 രൂപ കൂട്ടി 700 രൂപ ചോദിച്ചു.ഇതോടെ ഉടമയുടെ മകൻ മുഖത്തു ചവിട്ടിയെന്നാണു പരാതി. തലയോട്ടിയും താടിയെല്ലും ചേരുന്ന ഭാഗത്തു പൊട്ടലുണ്ടാവുകയും മുഖം നീരുവന്നു തടിച്ച നിലയിലുമാണ്. ബാബു ഒറ്റയ്ക്കു താമസിക്കുന്നതിനാൽ മർദ്ദനമേറ്റ കാര്യം മറ്റാരോടും പറഞ്ഞിരുന്നില്ല.
പിറ്റേ ദിവസം സമീപത്തെ കടയിലെത്തിയ ബാബുവിന്റെ വീർത്ത മുഖവും പരുക്കേറ്റ പാടുകളും കണ്ട കടയുടമ വിവരം തിരക്കുകയും എസ്ടി പ്രമോട്ടറായ പി സിനിയെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് പ്രമോട്ടർ ബാബുവിന്റെ വീട്ടിലെത്തി അമ്പലവയൽ സാമൂഹികാരോഗ്യ കേന്ദ്രത്തിലും പിന്നീട് ബത്തേരി താലൂക്ക് ആശുപത്രിയിലും എത്തിക്കുകയായിരുന്നു.
മുഖത്തെ പരുക്ക് സാരമായതിനാൽ ബത്തേരി ആശുപത്രിയിൽ നിന്നു കോഴിക്കോട് മെഡിക്കൽ കോളജിലേക്കു മാറ്റി. അമ്പലവയൽ പോലീസ് കേസെടുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്.
Discussion about this post