തൃശൂർ:തുടർഭരണം ലഭിച്ചത് എന്ത് തോന്ന്യാസവും ചെയ്യാനുള്ള ലൈസൻസ് ആയി കണക്കാക്കരുതെന്ന മുന്നറിയിപ്പ് നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തൃശൂരിൽ നടന്ന രണ്ടു ദിവസത്തെ ജില്ലാ സെക്രട്ടേറിയറ്റ് -ജില്ലാ കമ്മിറ്റി യോഗത്തിലാണ് അദ്ദേഹം പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകിയത്.
അഴിമതികൾ ചൂണ്ടിക്കാട്ടാൻ പാർട്ടിപ്രവർത്തകരും അനുഭാവികളും നേതാക്കളും മടിക്കരുത്. അഴിമതി തെളിയിക്കപ്പെട്ടാൽ ശക്തവും വ്യക്തവുമായ നടപടി ഉണ്ടാകുമെന്ന് ഉറപ്പാണ്. അതിൽ ആർക്കും ആശങ്കവേണ്ടെന്ന് എംവി ഗോവിന്ദൻ പറഞ്ഞു.
പാർട്ടിയുമായും പാർട്ടിപ്രവർത്തകരുമായും ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികൾ മാറ്റിവെക്കരുതെന്നും ഉടൻ തീർപ്പാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. സഹകരണബാങ്ക് പ്രസിഡന്റ് ആയിരിക്കെ ജീവനക്കാരെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ പാർട്ടി ജില്ലാ കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി അംഗവുമായ കെ.വി. ഹരിദാസനെ ഈ പദവികളിൽനിന്ന് നീക്കാൻ തീരുമാനമായി.ഇദ്ദേഹം സി.ഐ.ടി.യു.വിൽ തുടരുന്ന പദവികൾ സംബന്ധിച്ച് സംഘടന തീരുമാനമെടുക്കും.
Discussion about this post