ഇസ്ലാമാബാദ്; സാമ്പത്തിക പ്രതിസന്ധിക്കിടെ ചൈനയും പാകിസ്താനെ കൈവിടുന്നതായി റിപ്പോർട്ട്. പാകിസ്താനിലെ എംബസിയ.ിലെ കോൺസുലർ സെക്ഷൻ ചൈന അടച്ചുപൂട്ടി. സാങ്കേതിക കാരണങ്ങൾ മൂലം താത്കാലികമായണ് അടച്ചുപൂട്ടലെന്നാണ് വിശദീകരണം.
വെബ്സൈറ്റിൽ നൽകിയിരിക്കുന്ന അറിയിപ്പിൽ എന്താണ് ‘സാങ്കേതിക പ്രശ്നമെന്ന്’ വ്യക്തമാക്കിയിട്ടില്ല. എത്രനാൾ അടച്ചിടുമെന്നും അറിയിച്ചിട്ടില്ല. ”സാങ്കേതിക പ്രശ്നങ്ങൾ കാരണം ഇസ്ലാമാബാദിലെ ചൈനീസ് എംബസ്സിയുടെ കോൺസുലർ സെക്ഷൻ 2023 ഫെബ്രുവരി 13 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്” അറിയിപ്പിൽ പറയുന്നു.
പാകിസ്താനിലെ സുരക്ഷാ സ്ഥിതിഗതികൾ മോശമാകുന്ന സാഹചര്യത്തിൽ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് ചൈനയുടെ ഈ നീക്കം. ചൈനയിലേക്കും തിരിച്ചുമുള്ള പഠന, വിനോദ, വ്യാപാര യാത്രകൾ, വീസ അനുവദിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളാണ് എംബസികളിലെ കോൺസുലർ സെക്ഷനിൽ ചെയ്യുന്നത്.
കഴിഞ്ഞ ദിവസം പാകിസ്താനിലേക്ക് അവശ്യസാധനങ്ങളടക്കം എത്തിക്കുന്ന കോസ്കോ എന്ന ചൈനീസ് സ്ഥാപനം, പാകിസ്താനിലേക്കുള്ള ഇറക്കുമതി നിർത്തി വച്ചിരുന്നു. നൽകാനുള്ള പണം കിട്ടാതെ സാധനങ്ങൾ തരില്ലെന്നായിരുന്നു ചൈനീസ് കമ്പനിയുടെ നിലപാട്.
Discussion about this post