ബൈസെക്ഷ്വല്‍, ഹോമോസെക്ഷ്വല്‍ തുടങ്ങിയ പദങ്ങളൊക്കെ പരിചയപ്പെട്ട് വരുന്ന നമ്മുടെ സമൂഹത്തിന് സാപിയോസെക്ഷ്വല്‍ അക്കൂട്ടത്തില്‍ ഏറ്റവും പുതിയത് ആയിരിക്കും. സോഷ്യല്‍ മീഡിയയിലും ഓണ്‍ലൈന്‍ ലോകത്തും സജീവമായവര്‍ ഒരുപക്ഷേ സാപിയോസെക്ഷ്വാലിറ്റി എന്ന ആശയവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളുമൊക്കെ കേട്ടിട്ടുണ്ടാകും. എന്നാല്‍ ഈ പദവും ആശയവും തീര്‍ത്തും അപരിചതമായവര്‍ക്ക് വേണ്ടി എന്താണിത് കൊണ്ട് അര്‍ത്ഥമാക്കുന്നതെന്ന് ആദ്യം വിശദീകരിക്കാം.
പങ്കാളിയുടെ ബുദ്ധിസാമര്‍ത്ഥ്യത്തെ അഭിനന്ദിക്കുന്ന ആളാണോ നിങ്ങള്‍, എങ്കില്‍ ലോകത്തിലെ ഭൂരിഭാഗം ആളുകളില്‍ ഒരാള്‍ തന്നെയാണ് നിങ്ങളും, പക്ഷേ സാപിയോസെക്ഷ്വല്‍ അല്ല. ഈ ആശയം വേണ്ടത്ര മനസിലാക്കിയിട്ടില്ലാത്തവര്‍ക്ക് അത്തരമൊരു തെറ്റിദ്ധാരണ ഉണ്ട്.
ബുദ്ധിസാമര്‍ത്ഥ്യത്തെ മുന്‍നിര്‍ത്തി ആളുകള്‍ ശാരീരികമായും വൈകാരികമായും പ്രണയപരമായും ആകര്‍ഷിക്കപ്പെടുന്നതിനെയാണ് സാപിയോസെക്ഷ്വാലിറ്റി എന്ന് പറയുന്നത്. ഇവിടെ ബുദ്ധിസാമര്‍ത്ഥ്യം മാത്രമാണ് ഒരു ബന്ധത്തിനുള്ള മാനദണ്ഡം. പങ്കാളിയുടെ സൗന്ദര്യമോ, പദവിയോ, വൈകാരിക അടുപ്പമോ എന്തിന് വ്യക്തിത്വം പോലും നോക്കാതെ അവരുടെ ബുദ്ധിസാമര്‍ത്ഥ്യത്തില്‍ ആകര്‍ഷിക്കപ്പെടുന്നവരാണ് സാപിയോസെക്ഷ്വല്‍ ആയിട്ടുള്ളവര്‍.
സെക്ഷ്വാലിറ്റി അഥവാ ലൈംഗികതയുമായി ബന്ധപ്പെട്ട പദങ്ങളില്‍ താരതമ്യേന പുതിയ പദമാണ് സാപിയോസെക്ഷ്വല്‍. രണ്ട് ദശാബ്ദത്തോളമായി ഈ പദത്തെ കുറിച്ച് ഓണ്‍ലൈന്‍ ലോകത്ത് പലരും രഹസ്യമായി ചര്‍ച്ച ചെയ്യുന്നുണ്ട്.
എന്തൊക്കെയാണ് സാപിയോസെക്ഷ്വാലിറ്റിയുടെ ലക്ഷണങ്ങള്‍?
- ഈ വിഭാഗത്തില്‍ ഉള്ളവര്‍ പതുക്കെയാണ് ബന്ധങ്ങള്‍ക്ക് തുടക്കമിടുന്നത്. അതായത് അവരത്ര പെട്ടെന്ന് റൊമാന്റിക് ആകില്ല. ആദ്യം സൗഹൃദമായും പിന്നീടത് പരിണമിച്ച് പരസ്പരം ആഴത്തില്‍ മനസിലാക്കി ഒരു ബന്ധത്തില്‍ എത്തുകയാണ് ചെയ്യുക.
- സാധാരണ പ്രണയികളെ പോലെ ‘പഞ്ചാര വര്‍ത്താനങ്ങള്‍’ ഇവര്‍ക്കിടയില്‍ ഉണ്ടാകില്ല. അവര്‍ ചര്‍ച്ച ചെയ്യുക പുസ്തകങ്ങളെ കുറിച്ചും സിനിമകളെ കുറിച്ചുമൊക്കെ ആയിരിക്കും. അതുപോലെ ശാരീരികബന്ധത്തേക്കാള്‍ അവര്‍ പ്രാധാന്യം കല്‍പ്പിക്കുന്നത് ബൗദ്ധിക സംഭാഷണങ്ങള്‍ക്കായിരിക്കും.
- ലൈംഗികമായ താല്‍പ്പര്യങ്ങള്‍ ഉണ്ടാകണമെങ്കില്‍ പോലും അവര്‍ക്ക് ബൗദ്ധികമായ ചര്ച്ചകള്‍ ആവശ്യമാണ്.
- നര്‍മ്മ സംഭാഷണങ്ങളിലൊന്നും ഇത്തരക്കാര്‍ക്ക് താല്‍പ്പര്യമുണ്ടാകില്ല. വെറുതേ സമയം കളയുന്നതിന് പകരം പുതിയ ഉള്‍ക്കാഴ്ചകള്‍ നേടാനായിരിക്കും ഇവര്‍ക്ക് താല്‍പ്പര്യം. വെല്ലുവിളികള്‍ ഉയര്‍ത്തുന്ന കാര്യങ്ങളും ഇവര്‍ക്ക് ഇഷ്ടമാണ്.
- ബുദ്ധിസാമര്‍ത്ഥ്യമാണ് ഇവരുടെ അളവുകോലെങ്കിലും വൈകാരികമായ ബുദ്ധിസാമര്‍ത്ഥ്യവും അതിന്റെ ഭാഗമാണ്. സഹാനുഭൂതി, മനുഷ്യത്വം എന്നിവ കാണിക്കുന്നവരോടും ഇവര്‍ക്ക് അടുപ്പം തോന്നാം.
- അതേസമയം വൈകാരികമായ അടുപ്പത്തിലൂടെ ബന്ധം സ്ഥാപിക്കാനൊരുങ്ങുന്ന ഡെമിസെക്ഷ്വാലിറ്റിയില്‍ നിന്നും വ്യത്യസ്തമാണ് സാപിയോസെക്ഷാലിറ്റി.
- ആശയവിനിമയത്തില്‍ വളരെ വൈദഗ്ധ്യമുള്ളവരായിരിക്കും ഇവര്‍.
- ഒരു തര്‍ക്കം വന്നാല്‍ ഇവര്‍ ആ ബന്ധത്തെ തള്ളിക്കളഞ്ഞെന്നിരിക്കും.
- എല്ലാ കാര്യങ്ങളും വിശകലനാത്മകമായി ചിന്തിക്കുന്നവരാണ് ഇവര്‍.
- ദീര്‍ഘകാലം നീണ്ടുനില്‍ക്കുന്ന സൗഹൃദങ്ങളാണ് ഇവര്‍ തിരഞ്ഞെടുക്കുക.
വിവാദം
LGBTQ+ കമ്മ്യൂണിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്ന സാപിയോസെക്ഷ്വല്‍ ആയിട്ടുള്ളവരുടെ ആവശ്യത്തെ LGBTQ+ സമൂഹം അംഗീകരിക്കുന്നില്ല. ലിംഗ മുന്‍ഗണനകളുമായി ഈ ആശയത്തിന് ബന്ധമില്ലെന്ന ന്യായമാണ് അവര്‍ ഉന്നയിക്കുന്നത്.
സാപിയോസെക്ഷ്വാലിറ്റി എന്നത് എങ്ങനെയാണ് ഒരു വ്യക്തിക്ക് മറ്റൊരാളോട് അടുപ്പം തോന്നുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുന്നു. മാത്രമല്ല, സാപിയോസെക്ഷ്വല്‍ ആയ ഒരാള്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്നാല്‍ നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ ബുദ്ധിമാന്‍ അല്ലെങ്കില്‍ ബുദ്ധിമതി എന്ന് കരുതേണ്ടതില്ല. കാരണം ബുദ്ധിസാമര്‍ത്ഥ്യം എന്നത് ആപേക്ഷികമാണ്. മാത്രമല്ല അധ്യാത്മികമായിട്ടുള്ളത്, ഭാഷാപരമായിട്ടുള്ളത്, വൈകാരികായിട്ടുള്ളത് എന്നിങ്ങനെ ബുദ്ധിസാമര്‍ത്ഥ്യം പലരീതികളിലുമാകാം.
Discussion about this post