പാലക്കാട്: കടക്കെണിയിലായതോടെ ജീവിതം വഴിമുട്ടിയിരിക്കുകയാണ് പാലക്കാട് ചെർപ്പുളശ്ശേരി സ്വദേശി സജിയുടേത്. കടത്തിൽ മുങ്ങിയതോടെ സ്വന്തം വൃക്ക തന്നെ വിൽക്കാൻ തുനിഞ്ഞിരിക്കുകയാണ് പെയിന്റു പണിക്കാരനായ ഈ 55 കാരൻ. 11ലക്ഷം രൂപയുടെ കടം വീട്ടുന്നതിന് വേണ്ടിയാണ് സജി ഇത്തരത്തിലൊരു തീരുമാനമെടുത്തത്. ഒ പോസിറ്റീവ് വൃക്ക വിൽപ്പനയ്ക്കുണ്ടെന്നും ബന്ധപ്പെടേണ്ട ഫോൺ നമ്പറും കാണിച്ചാണ് പെരിന്തൽമണ്ണയിലെ മൂന്ന് സ്വകാര്യ ആശുപത്രികൾക്ക് മുൻപിലാണ് പോസ്റ്റർ പതിച്ചത്.
കഴിഞ്ഞ 26 വർഷമായി വാടകയ്ക്ക് താമസിക്കുകയായിരുന്ന സജിയും കുടുംബവും ഒന്നര വർഷം മുമ്പാണ് സ്വന്തമായി 10 സെന്റ് സ്ഥലം വാങ്ങിയത്. അവിടെ ആസ്ബറ്റോസ് ഷീറ്റ് ഉപയോഗിച്ച് ഒരു വീട് കെട്ടി താമസിക്കുകയായിരുന്നു. കയ്യിലുള്ള പണവും കടം വാങ്ങിയ പണവും എല്ലാംകൂടി ഉപയോഗിച്ചാണ് സജി സ്ഥലം വാങ്ങിയിരുന്നത്. കൊവിഡിന് പിന്നാലെ ആഴ്ചയിൽ നാല് ദിവസം മാത്രമായി ജോലി. ബി. കോം കഴിഞ്ഞ രണ്ടു മക്കൾക്ക് ആറായിരം രൂപ മാത്രം ശമ്പളമുള്ള ജോലി മാത്രമായതും വലിയ പ്രതിസന്ധിയായി.രണ്ട് തവണ ഹൃദയാഘാതം വന്ന അമ്മയുടെ ചികിത്സയ്ക്കുവേണ്ടി ലക്ഷങ്ങളാണ് ചെലവായതെന്ന് സജി പറയുന്നു.
ആഗ്രഹിച്ച് വാങ്ങിയ വീടും സ്ഥലവും കടം കയറി നഷ്ടപ്പെടുമെന്ന അവസ്ഥ വന്നതോടെയാണ് വൃക്ക വിൽക്കാൻ തീരുമാനിച്ചതെന്ന് സജി കൂട്ടിച്ചേർത്തു. വീടും സ്ഥലവും നഷ്ടപ്പെടുന്നതേക്കാൾ തന്റെ ഒരു വൃക്ക നഷ്ടപ്പെടുന്നതാണ് നല്ലതെന്ന് സജി പറയുന്നു. തന്റെ തീരുമാനത്തിൽ വീട്ടുകാർക്ക് എതിർപ്പാണെന്നും എന്നാൽ കടം വീട്ടാൻ മറ്റൊരു വഴിയും ഇല്ലെന്നാണ് സജി പറയുന്നത്.
Discussion about this post