ലോകരെ രക്ഷിക്കാൻ കാളകൂട വിഷം പാനം ചെയ്ത നീലകണ്ഠന് അത്യാപത്ത് വരാതിരിക്കാൻ സാക്ഷാൽ പാർവ്വതീ ദേവി ഉറക്കമിളച്ച് പ്രാർത്ഥിച്ച ദിനമാണ് കുംഭമാസത്തിലെ കറുത്തപക്ഷ ചതുർദശി തിഥി. ഇതാണ് പിന്നീട് ശിവരാത്രിയായി ഭക്തർ ആചരിച്ച് തുടങ്ങിയത്. സർവ്വ പാപങ്ങളും തീർക്കുന്നതാണ് ശിവരാത്രി വ്രതം. ശിവപ്രീതിക്ക് ഏറ്റവും നല്ല ദിവസവും ഇത് തന്നെ. ഗുരുശാപം, സ്ത്രീ ശാപം തുടങ്ങിയ മഹാപാപങ്ങൾ പോലും ശിവരാത്രി വ്രതം മൂലം ഇല്ലാതാവുന്നു. ഈ ഒരു ദിവസം പൂർണമായും ഉപവസിക്കുന്നതിലൂടെ വർഷം മുഴുവനുമുള്ള പ്രാർത്ഥനകളുടെ ഗുണങ്ങളും നന്മയുമെല്ലാം നേടാനാകും. മഹാ ശിവരാത്രി ദിനത്തിൽ ഉപവസിക്കുന്ന ഭക്തരെയെല്ലാം ശിവഭഗവാൻ സ്വന്തം മകനായ കാർത്തികേയനേക്കാൾ പ്രിയപ്പെട്ടവനായി കണക്കാക്കുമെന്നാണ് വിശ്വാസം.
കുംഭ മാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നത്. തലേന്നുമുതൽ ഒരിക്കൽ ഊണോടെ വ്രതം ആരംഭിക്കണം. തലേന്ന് വൈകുന്നേരം അരിയാഹാരം പാടില്ല. പകലുറക്കം, എണ്ണ തേച്ചു കുളി എന്നിവ നിഷിദം. ശിവരാത്രി ദിവസം അതിരാവിലെ ഉണർന്ന് ദേഹശുദ്ധി വരുത്തി വ്രതം തുടരാം. ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിക്കോ കുടിക്കാവുന്നതാണ്. പൂർണ ഉപവാസം നോൽക്കുന്നവർ അതുവരെ ജലപാനം പാടുള്ളതല്ല. ശിവരാത്രിയുടെ തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തിൽ നിന്നും തീർത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം.
ശിവരാത്രി വ്രതം രണ്ടുരീതിയിൽ എടുക്കാവുന്നതാണ്. പൂർണ ഉപവാസം അല്ലെങ്കിൽ ഒരിക്കലുപവാസം എന്നിങ്ങനെ രണ്ടുരീതിയിൽ വ്രതം അനുഷ്ടിക്കാം. ആരോഗ്യസ്ഥിതി അനുകൂലമായിട്ടുള്ളവർക്ക് ഉപവാസവും അല്ലാത്തവർ ‘ഒരിക്കൽ’ വ്രതം നോൽക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കൽ’ നോൽക്കുന്നവർക്ക് ഒരുനേരം അരിയാഹാരം കഴിക്കാം. അത് ശിവക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന നിവേദ്യം ആകുന്നതാണ് ഉത്തമം. വയർ നിറയെ കഴിക്കാൻ പാടില്ല. രാത്രിയോ പകലോ ഉറക്കം പാടില്ല. ഈ സമയം പഞ്ചാക്ഷരീ മന്ത്രമായ ഓം നമ:ശിവായ എന്ന് മാത്രമായി ജപിക്കരുത്. കാരണം ശിവനു പോലും കർമ്മോത്സുകനാവാൻ മഹാമായയുടെ ശക്തി ആവശ്യമാണ്. അന്ന് ഓം ഹ്രീം നമ: ശിവായ എന്ന് തന്നെ ജപിക്കണം. ഹ്രീം ഓം ഹ്രീം നമ: ശിവായ എന്ന ശക്തി കവച പഞ്ചാക്ഷരിയും ജപിക്കാം.
ശിവരാത്രി നാളിൽ ശിവ ഭഗവാന് പ്രിയപ്പെട്ട കൂവളത്തിന്റെ ഇല സമർപ്പിക്കുകയും ചെയ്യുന്നു. ഇത് ഉത്തമമായി കണക്കാക്കുന്നു. ഇതിന് വേണ്ടിയുള്ള ഇല നേരത്തെ തന്നെ കരുതി വെയ്ക്കേണ്ടതാണ്. ശിവരാത്രിയുടെ അന്നും തലേന്ന് പ്രദോഷത്തിന്റെ അന്നും ഈ ഇല പറിക്കരുത്. അതിനും മുൻപേ കരുതി വെയ്ക്കേണ്ടതാണ്. കൂവളത്തില വാടിയാലും അതിന്റെ പവിത്രത നഷ്ടപ്പെടില്ല. ഈ ദിവസം ഉറക്കമൊഴിഞ്ഞ് കൂവളത്തിന്റെ ഇല ശിവലിംഗത്തിൽ സമർപ്പിച്ചാൽ അവർ മരണാനന്തരം ശിവലോകത്ത് പ്രവേശിക്കുമെന്നാണ് വിശ്വാസം.
ശിവരാത്രി ദിവസം പിതൃക്കൾക്കായി ബലി കർമ്മങ്ങളും അനുഷ്ഠിക്കുന്നു. ആണ്ട് ശ്രാദ്ധം കൂടാതെ കർക്കിടക വാവ് ബലിയും വലിയ പ്രാധാന്യത്തോടെ ശിവരാത്രി ബലിയും നാം ഇടുന്നു. മോക്ഷം കിട്ടാത്ത ആത്മാക്കൾക്ക് വേണ്ടിയാണിത്. ഏഴ് തലമുറ വരെയുള്ള ആത്മാക്കൾക്ക് ഇത് ഫലം ചെയ്യുമെന്നാണ് കരുതുന്നത്













Discussion about this post