ചെന്നൈ: തമിഴ്‌നാട്ടിൽ ഡിഎംകെ കൗൺസിലറുടെ ആക്രമണത്തിനിരയായി സൈനികൻ കൊല്ലപ്പെട്ട സംഭവത്തിലെ കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് സഹോദരൻ. വാളും കയ്യിൽ പിടിച്ചാണ് ഡിഎംകെ കൗൺസിലർ ചിന്നസ്വാമി എത്തിയതെന്നും കൊല്ലപ്പെട്ട സൈനികന്റെ സഹോദരൻ പ്രഭാകർ ആരോപിച്ചു. ” ഡിഎംകെ കൗൺസിലർ എന്റെ അച്ഛനെ വാൾ ഉപയോഗിച്ച് വെട്ടി. ഭാഗ്യത്തിന് ആ വെട്ട് ചെറിയ രീതിയിൽ മാത്രമാണ് അദ്ദേഹത്തിന് കൊണ്ടത്. ആ വെട്ട് കഴുത്തിലാണ് കൊണ്ടിരുന്നതെങ്കിൽ അദ്ദേഹം ജീവനോടെ രക്ഷപെടില്ലായിരുന്നുവെന്നും” പ്രഭാകർ പറയുന്നു.
ഡിഎംകെ കൗൺസിലറുടെ നേതൃത്വത്തിലുളള അക്രമി സംഘം വീട്ടിൽ കയറി നടത്തിയ ആക്രമണത്തിലാണ് സൈനികനായ പ്രഭുവിന് ഗുരുതരമായി പരിക്കേൽക്കുന്നത്. ഉടനെ തന്നെ ഇദ്ദേഹത്തേയും സഹോദരനേയും തൊട്ടടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്തുള്ള പൊതുടാങ്കിലെ വെള്ളം ഉപയോഗിച്ച് വസ്ത്രം കഴുകിയതിന്റെ പേരിലാണ് കൗൺസിലർ തങ്ങളുമായി തർക്കത്തിന് എത്തിയതെന്നും പ്രഭാകർ പറയുന്നു.
” ചിന്നസ്വാമിയുടെ അനിയനും ഈ സമയം അവിടെ വസ്ത്രം കഴുകുന്നുണ്ടായിരുന്നു. അതിനിടെ അവർ ഞങ്ങളോട് അവിടെ നിന്ന് പോകാൻ ആവശ്യപ്പെട്ടു. എന്തിന് പോകണമെന്നും, എല്ലാവരും തുണി കഴുകുന്നുണ്ടല്ലോ എന്നും തങ്ങൾ ചോദിച്ചു. ഇതോടെ തർക്കം രൂക്ഷമായി. പ്രഭാകറിനേയും എന്നേയും അമ്മയേയും ചെരിപ്പ് കൊണ്ട് അവർ അടിക്കാൻ തുടങ്ങി. എന്നാൽ നാട്ടുകാർ ഇടപെട്ടാണ് അവരെ ശാന്തരാക്കിയത്.
വൈകിട്ടോടെ ചിന്നസ്വാമിയും ബന്ധുക്കളും അയാളുടെ സഹായികളുമെല്ലാം വീട്ടിലേക്ക് വന്നു. അവർ എന്നെ ചീത്ത വിളിക്കുകയും വാള് കൊണ്ട് ആക്രമിക്കുകയും ചെയ്തു. അവർ എന്റെ അച്ഛനെയാണ് വാള് കൊണ്ട് ആദ്യം വെട്ടിയത്. അച്ഛന്റെ കരച്ചിൽ കേട്ടാണ് ഞാൻ പുറത്തേക്ക് വരുന്നത്. ആറേഴ് പേർ ചേർന്ന് എന്നെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. സഹോദരൻ ഈ സമയത്താണ് പുറത്തേക്ക് വന്നത്. ഞങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിന് മുൻപ് തന്നെ അവർ അവനെ വെട്ടിക്കൊലപ്പെടുത്തി. അവന്റെ കഴുത്തിനാണ് അവർ വെട്ടി വീഴ്ത്തിയതെന്നും” സഹോദരൻ പറഞ്ഞു.
കുറ്റക്കാരായ എല്ലാവർക്കും കർശന ശിക്ഷ ഉറപ്പാക്കണമെന്നം പ്രഭുവിന്റെ കുടുംബം ആവശ്യപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് ചിന്നസ്വാമി ഉൾപ്പെടെ ഒൻപത് പേരാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാൽ ഡിഎംകെ ഇക്കാര്യത്തിൽ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല.
Discussion about this post