ആലപ്പുഴ: കായംകുളത്തെ സിപിഎം നേതൃത്വത്തിനെതിരെ ഏരിയ കമ്മിറ്റിയിൽ രൂക്ഷ വിമർശനം ഉന്നയിച്ച് സംസ്ഥാന സെക്രട്ടറിയേറ്റംഗം. കേരളത്തിൽ ഇതുപോലൊരു ഏരിയ കമ്മിറ്റി വേറെ എവിടെയും കാണില്ലെന്ന് പുത്തലത്ത് ദിനേശൻ വിമർശിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നടത്തുന്ന ജനകീയ പ്രതിരോധ ജാഥയുടെ സ്വാഗതസംഘം രൂപീകരണവുമായി ബന്ധപ്പെട്ട് ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിലാണ് വിമർശനം ഉയർന്നത്.
കായംകുളത്തേത് എന്തൊരു പാർട്ടിയാണ് എന്ന ചോദ്യമാണ് ദിനേശൻ പ്രസംഗത്തിനിടെ ആദ്യം ഉയർത്തിയത്. പിന്നാലെ സംഘടനാ രേഖയും തെറ്റ് തിരുത്തൽ രേഖയും അവതരിപ്പിച്ചു. ഇതിനിടയിലാണ് കേരളത്തിൽ ഇത്തരമൊരു ഏരിയ കമ്മിറ്റി കാണില്ലെന്ന് പുത്തലത്ത് ദിനേശൻ പറഞ്ഞത്. ” ലഭിക്കുന്ന പരാതികളിൽ നിന്ന് തന്നെ കായംകുളത്തെ പാർട്ടിയുടെ നിലവാരം വ്യക്തമായി ബോധ്യപ്പെടുകയാണ്. കുറേ ഗ്രഹങ്ങളും അതിനെ ചുറ്റിപ്പറ്റി കുറേ ഉപഗ്രഹങ്ങളുമാണ് കായംകുളത്തെ പാർട്ടിയിൽ ഉള്ളത്”.
ഇതിനിടെയാണ് കൊച്ചുമക്കളെ എസ്എഫ്‌ഐയിൽ വിടില്ലെന്ന് ഒരു വനിതാ നേതാവ് പറയുന്നത്. മകനെ ഡിവൈഎഫ്‌ഐയിൽ വിടില്ലെന്ന് മറ്റൊരു ഏരിയ കമ്മിറ്റി അംഗവും പറഞ്ഞു. പാർട്ടി കമ്മിറ്റിയിൽ ഇരുന്ന് ഇങ്ങനെ സംസാരിക്കരുത് എന്നായിരുന്നു സെക്രട്ടറിയേറ്റ് അംഗത്തിന്റെ ശാസന.
പാർട്ടി ബന്ധമുള്ള ഗുണ്ടാ ക്വട്ടേഷൻ സംഘത്തെ ന്യായീകരിച്ച ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റിന് നേരെയും ദിനേശൻ വിമർശനം ഉന്നയിച്ചു. നേർവഴി കാണിക്കാൻ പറ്റിയില്ലെങ്കിൽ വേറെ പണി നോക്കാനാണ് ദിനേശൻ മറുപടിയായി പറഞ്ഞത്. കായംകുളത്ത് നടന്ന, സിപിഎം പ്രവർത്തകർ ആരോപണവിധേയരായ ആശുപത്രി ആക്രമണം, അശ്ലീല സംഭാഷണ വിവാദം, ഹോട്ടൽ ആക്രമണം എന്നിവയിൽ എത്രയും പെട്ടന്ന് നടപടി എടുക്കണമെന്നും ദിനേശൻ നിർദ്ദേശിച്ചു.
Discussion about this post