( നിലപാട് )
ബിന്ദു ടി
താഴെയുള്ളത് ഒരു മാന്യദേഹത്തിന്റെ ഫേസ്ബുക്കില്‍ വന്ന പോസ്റ്റാണ്. സതി നിരോധിച്ചത് പോലെ രാജ്യത്ത് ബഹുഭാര്യത്വവും നിരോധിച്ചു കൂടേ എന്ന സുപ്രിം കോടതി വിധിയോടുള്ള പ്രതികരണമായാണ് മാന്യമായ പേരുള്ള മഹാന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ആരും മനസ്സില്‍ സൂക്ഷിക്കാനല്ല, സമൂഹത്തില്‍ ഇങ്ങനെയും ചിലര്‍( ചിലരല്ല പലര്) ഉണ്ടെന്നിരിക്കേ ഇത്തരം ചിന്താഗതികള്‍ അറിയുന്നത് നല്ലതാണ്..
ഏകഭാര്യത്വം ആയിക്കോട്ടെ,,,, ചില പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം പറഞ്ഞു തരണം.
- യുദ്ധങ്ങളില്‍ ഞങ്ങള്‍ ആണുങ്ങളാണല്ലോ കൂടുതല്‍ മയ്യത്താകുന്നത്. വിധവകളാകുന്ന പെണ്ണുങ്ങള് എങ്ങനെ ജീവിക്കും? എങ്ങനെ അവരുടെ കാര്യങ്ങള്‍ നടക്കും ? ആണുങ്ങള് രണ്ടുകെട്ടി പരിഹാരം ഉണ്ടാക്കുന്നതല്ലേ നല്ലത്?
- ഗര്‍ഭകാലത്തും പ്രസവശേഷമുള്ള ഒരുപാട് ദിവസങ്ങളും അതുപോലെ ആര്‍ത്തവ സമയവും ചില ആണുങ്ങള് എങ്ങനെ തള്ളിനീക്കും?
- അനാഥയായ സ്ത്രീയെ ആണുങ്ങള് എങ്ങനെ സംരക്ഷിക്കും? അവരെ കെട്ടിയാല്‍ പിന്നെ നിങ്ങള്‍ ഗോസിപ്പ് പറയില്ലല്ലോ.
- ബ്രൂണഹത്യയില്ലെങ്കില് സമൂഹത്തില്‍ എപ്പോഴും XX ക്രോമസോമുകള്‍ (പെണ്ണുങ്ങള്) XY ക്രോമസോമുകളെക്കാള് (ആണുങ്ങളെക്കാള്‍) കൂടുതലായിരിക്കുമെന്നാണല്ലോ ശാസ്ത്രം. അധികം വരുന്ന പെണ്ണുങ്ങളെ എന്ത് പറഞ്ഞു സമാധാനിപ്പിക്കും? അവര്‍ക്കും വേണ്ടേ ഒരു ജീവിതം? smile emoticon
- സ്വര്‍ഗത്തില്‍ ഹൂറികള്‍ (സ്വര്‍ഗ്ഗ സുന്ദരികള്‍) ഉണ്ടല്ലോ. പിന്നെ നിങ്ങള്‍ ഈ ഭൂമിയില്‍ മാത്രം ഏകഭാര്യത്വം അടിച്ചേല്‍പ്പിക്കുന്നത് ക്രൂരതയല്ലേ? കാടത്തമല്ലേ?
ഇനിയുമുണ്ട് ചോദ്യങ്ങള്‍…പിന്നെ ചോയിച്ചോളാം.
അതേ, ചോദ്യങ്ങള്‍ ഇനിയുമുണ്ട്..ചോയിക്കാതെ തന്നെ സമൂഹത്തിന് അറിയാം..ഏകീകൃത്യ സിവില്‍കോഡ് നടപ്പാക്കാത്ത ഒരു രാജ്യത്ത് ഇത്തരം ചോദ്യങ്ങള്‍ ഉയര്‍ന്ന് കൊണ്ടേയിരിക്കും..സ്ത്രീയ വെറും ഉപകരണമായി, പുരുഷന്റെ ഉപഭോഗവസ്തുവായി കാണുന്ന മതങ്ങള്‍ ഈ ചോദ്യം മതപാഠശ്ശാലകളിലൂടെ യുവാക്കളില്‍ പഠിപ്പിച്ചെടുക്കുന്നുണ്ട്. അടുക്കളയില്‍ നിന്നുള്ള വളക്കിലുക്കമായും, കറുപ്പില്‍ പൊതിഞ്ഞ ശരീരത്തിലെ സുന്ദരമായ കണ്ണുകളായും പെണ്ണിനെ തളച്ചിടുന്ന ക്രൗര്യത്തിന് മതത്തിന്റെ പേരിലുള്ള ക്രൂരത എന്നാണ് വിളിക്കേണ്ടത്.
ഇസ്ലാമിലെ ബഹുഭാര്യത്വം എന്നും ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ്.മുസ്ലിം ബഹുഭാര്യത്വത്തെ അനുവദിക്കുന്നുവെന്നാണ് പൊതുവായ വെയ്പ്. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ മാത്രമാണ് ഇസ്ലാമില്‍ ബഹുഭാര്യത്വം അനുവദിച്ചിരിക്കുന്നത് എന്ന് ചില ഇസ്ലാമിക പണ്ഡിതന്മാര് പറയുന്നു. ഇത് ദുരുപയോഗം ചെയ്താണ് ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ പല ഇസ്ലാം വിശ്വാസികളും ഒന്നിലധികം വിവാഹം കഴിക്കുന്നത്. മതവ്യാപനത്തിന് വേണ്ടിയും മറ്റും ബഹുഭാര്യത്വത്തെ സമര്‍ത്ഥമായി ഉപയോഗിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്.
ഇനി ഈ പ്രസ്താവന വായിക്കുക
‘സ്ത്രീകള്‍ മാസത്തില്‍ ഒന്‍പത് മുതല്‍ പതിനഞ്ച് ദിവസം വരെ അശുദ്ധകളായിരിക്കും, ആ സമയത്ത് സ്ത്രീ പുരുഷ ബന്ധം ഇസ്ലാമില്‍ കര്‍ശനമായി വിലക്കിയിരിക്കുന്നത് കൊണ്ട് ചില പുരുഷന്മാര്ക്ക് ഒന്നിലേറെ ഭാര്യമാരെ ആവശ്യമാണ്’
2008ല്‍ കേരളത്തിലെ പ്രമുഖ മതപണ്ഡിതനായ കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര് നടത്തിയ പ്രസ്താവനയാണ ഇത്്. മുകളില്‍ തൃശ്ശൂരിലെ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു എന്നവകാശപ്പെടുന്ന ഫേസ്ബുക്ക് ‘ബുദ്ധിജീവി’ പറഞ്ഞത് ഇത് തന്നെയാണ്. കാന്തപുരത്തിന്റെ അന്നത്തെ പ്രസ്താവന കേരളീയ സമൂഹം കാര്യമായി ചര്‍ച്ച ചെയ്തില്ല. പല മുസ്ലിം വനിത സംഘടനകളും എതിര്‍ത്തിട്ടും ബഹുഭാര്യത്വം ഇസ്ലാമില്‍ തുടരുകയാണ്. സ്ത്രീ സ്വാതന്ത്ര്യത്തിന് മേലുള്ള കടന്ന കയറ്റമാണെന്ന രൂക്ഷ വിമര്‍ശനം ഉയര്‍ന്നിട്ടും തുടരുന്ന ബഹുഭാര്യത്വം എന്ന അനീതി അഭംഗുരം തുടരുന്നതിനിടെയാണ് സുപ്രിം കോടിയുടെ വിധി പുറത്ത് വരുന്നത്. സതി നിരോധിക്കാമെങ്കില്‍ ബഹുഭാര്യത്വവും നിരോധിച്ചു കൂടേ എന്നാണ് ഇന്ത്യന്‍ പരമോന്നത കോടതിയുടെ ചോദ്യം. ഇസ്ലാമിക പണ്ഡിതരും, സംഘടനകളും ഈ കോടതി പരമാര്‍ശത്തോടെ ഇതുവരെയും പ്രതികരിച്ചിട്ടില്ല. മൗനം ബഹുഭാരത്വത്തിന് നല്കുന്ന മൗനാനുവാദമാണെന്ന യാഥാര്‍ത്ഥ്യം ഭാരതം കാലങ്ങളായി വായിച്ച് പോരുന്നതാണ്. അതിനാല്‍ കാന്തപുരത്തിന്റെ 2008ലെ പ്രസ്താവനയും, അബ്ദുള്ള എന്ന യുവാവിന്റെ ഫേസ്ബുക്കിലെ പോസ്റ്റും ഒരു വിഭാഗത്തെ തന്നെ പ്രതികൂട്ടിലാക്കുകയാണ് ചെയ്യുന്നത്.
ഇസ്ലാമിലെ ബഹുഭാര്യത്വം സംബന്ധിച്ച് ചില മുസ്ലിം പണ്ഡിതന്മാര് നല്കുന്ന വ്യാഖ്യാനം കൂടി നോക്കാം-
ചില പ്രത്യേക സാഹചര്യത്തില്‍ ഇസ്ലാം നിയന്ത്രണങ്ങളോട് കൂടിയ ബഹുഭാര്യത്വം അനുവദിക്കുന്നുണ്ട്.
ആ സാഹചര്യങ്ങള്‍ ഏതൊക്കെ എന്നതിനെ പറ്റി; പരിശുദ്ധ ഖുര്‍ആന്‍ (അധ്യായം 4) പ്രകാരം സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം കൂടിയാല്‍ ബഹുഭാര്യത്വം ആ സമൂഹത്തിലെ പുരുഷന്മാര്ക്ക് അനുവദനീയം ആണ്.
യുദ്ധത്തില്‍ ഒട്ടവനധി മുസ്ലിം പുരുഷന്മാര് കൊല്ലപ്പെട്ടതിന്റെ ഫലമായി സമൂഹത്തിലെ അനാഥകളുടെയും വിധവകളുടെയും എണ്ണം വര്‍ദ്ധിച്ച അവസരത്തിലായിരുന്നു ബഹുഭാര്യത്വത്തെ അനുവദിക്കുന്ന നമ്പിയുടെ വാക്കുകള്‍ ഉണ്ടാകുന്നത്.
ബഹുഭാര്യത്വത്തെ നിരുല്സ്സാഹപ്പെടുത്തുന്ന ചില വാചകങ്ങള്‍ ഖുര്‍ആനില്‍ ഉണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു
ആദ്യത്തെ നിയന്ത്രണം പരമാവധി നാലു ഭാര്യമാര്‍ എന്ന് നിശ്ചയിച്ചതാണ് ഇസ്ലാമിനു മുന്‍പ് അങ്ങിനെയൊരു നിയന്ത്രണം ഇസ്ലാമിക സ്വാധീനമേഖലകളില്‍ ഇല്ലായിരുന്നു. രണ്ടാമത്തെ നിയന്ത്രണം എല്ലാ ഭാര്യമാരോടും ഒരേ പോലെ ആയിരിക്കണം എന്നാണ്. ഇത്, പെരുമാറ്റം, സ്വത്ത്, വീട് തുടങ്ങി എല്ലാ കാര്യങ്ങളിലും ബാധകമാണ്.
ഭാര്യമാരോട് ഒരേ പോലെ പെരുമാറാന്‍ സാമ്പത്തികമായും മാനസികമായും കഴിവില്ലാത്തവന് ഈ പണിക്ക് പോകരുതെന്ന് ഖുറാന് പറയുന്നു. ഈ വാചകങ്ങളെ പിന്‍പറ്റി ഉയരുന്ന പ്രധാനചോദ്യങ്ങള്‍ ഇവയാണ്.
ഖുര്‍ആനില്‍ പറഞ്ഞപോലെ അനാഥകളെയും വിധവകളെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ രണ്ടും, മൂന്നും നാലും വിവാഹം കഴിക്കുന്ന എത്ര പേരുണ്ടിവിടെ? എല്ലാ ഭാര്യമാരോടും ഒരു പോലെ പെരുമാറാന്‍ ഒരു സാധാരണമനുഷ്യന് എങ്ങനെയാണ് കഴിയുക. സൗന്ദര്യം ഉള്‍പ്പടെയുള്ള ബാഹ്യ ഇടപെടലുകളും ശാരീരിക തൃഷ്ണകളും വിവേചമില്ലാതെ കൈകാര്യം ചെയ്യാന്‍ കെല്പുള്ള എത്ര പുരുഷന്മാരുണ്ട് നമ്മുടെ നാട്ടില്‍(അത് ഏത് മതത്തിലായാലും) ഇത്തരം ചോദ്യങ്ങള്‍ക്കൊന്നും ശരിയായ ഉത്തരമില്ലാതിരിക്കെ എന്തിനാണ് ഇസ്ലാമില്‍ ബഹുഭാര്യത്വ സമ്പ്രദായം തുടരുന്നത്. ?
‘പുരുഷന്മാര്ക്കെ ജോലി സംബന്ധമായും മറ്റും പല സ്ഥലങ്ങളിലും താമസ്സിക്കേണ്ടി വരും. അപ്പോള്‍ മനസ്സിന് ഇളക്കം തട്ടിയാല്‍ പരസ്ത്രീ ഗമനം നടത്താതിരിക്കാന്‍ വേണ്ടി ജോലിസ്ഥലത്ത് ഒരെണ്ണത്തിനെ കെട്ടുക.’ , സ്ത്രീ ‘അശുദ്ധ’യായ സമയത്ത് പുരുഷന് കാമപൂരണം നടത്താന്‍ മറ്റൊരു ഭാര്യ തുടങ്ങി കാന്തപുരത്തെ പോലെയുള്ള മതജീവികളുടെ വാക്കുകള്‍ ഇസ്ലാമിലെ പുതുതലമുറയും ഏറ്റുപിടിക്കുന്നത് ഗൗരവമായി വിചിന്തനം ചെയ്യേണ്ടതാണ്. ഒരു സമൂഹം സ്ത്രീയെ(അവള് അമ്മയും സോഹാദരിയും, ഭാര്യയുമായിരിക്കെ) എങ്ങനെ കാല്‍കീഴിലിട്ട് ചവിട്ടുന്നു എന്നതിന്റെ തെളിവാണ് ബഹുഭാര്യത്വം പോലുള്ള സാമൂഹ്യതിന്മകള്.
ബഹുഭാര്യത്വത്തെ പിന്തുണക്കുന്നവര്‍ പ്രധാനമായും ഉന്നയിക്കുന്ന കാര്യം യുദ്ധത്തില്‍ പുരുഷന്മാര് കൊല്ലപ്പെട്ട വിധവകള്‍ എന്ത് ചെയ്യുമെന്നാണ്. പുരുഷന്മാരെ കൊന്നൊടുക്കി സ്വന്തം വിഭാഗത്തെ വളര്‍ത്തുന്ന ഇസ്ലാമിക സ്റ്റേറ്റ് ഭീകര്‍ അഴിഞ്ഞാടുന്ന സമൂഹത്തിലും, എതിരാളികളെ ഉന്മൂലനം ചെയ്ത് അധികാരം സ്ഥാപിക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളിലും ഈ വാദം പ്രസക്തമാണ്. പക്ഷേ ചെറുപ്പത്തിലെ വിധവകളാകുന്ന എണ്ണം വളരെ കുറവുള്ള ഇന്ത്യ പോലുള്ള രാജ്യത്ത് ഇത്തരം ചട്ടങ്ങളും വാദങ്ങളും പ്രസക്തമാണ്. ഭാര്യ മരിച്ച നിരവധി പുരുഷന്മാരും, വിധവകളെ വിവാഹം കഴിക്കാന്‍ തയ്യാറുള്ള പുരുഷന്മാരുമുള്ള ഇന്ത്യയില്‍ പിന്നെ എന്തിനാണ് ഈ ബഹുഭാര്യത്വം. ?
ഒന്നിലധികം വിവാഹം കഴിച്ച് കൂടുതല്‍ കുട്ടികളെ സൃഷ്ടിച്ച് മതത്തെ വളര്‍ത്താന്‍ ആഹ്വാനം ചെയ്യുന്ന മതമണ്ഡിതന്മാരുള്ള നാട്ടില്‍ ബഹുഭാര്യത്വം വിമര്‍ശിക്കപ്പെടുക സ്വഭാവികമാണ്. പക്ഷേ അത്തരത്തില്‍ വിവാഹത്തിനിരയാക്കി നിത്യമായി പീഢനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീ സമൂഹത്തിന്റെ വാക്കുകള്‍ അപ്രസക്തമാകുന്നത് എന്ത് കൊണ്ടാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ ഒട്ടും പ്രസക്തമല്ലാത്ത. എന്നാല്‍ ഏറെ വിവേചനപരമായ ബഹുഭാര്യത്വം അവസാനിപ്പിക്കാന്‍ കോടതി പോലും പറഞ്ഞിട്ടും, മതേതര രാഷ്ട്രമായ ഇന്ത്യയില്‍ അത് നടപ്പാകാതെ വരുന്നത് എന്ത് കൊണ്ടാണ്…? മതം എന്ത് ചെയ്താലും അത് ചോദ്യം ചെയ്യാന്‍ ധൈര്യമില്ലാത്ത ഷണ്ഡത്വം എന്താണ് നമ്മുടെ ജനാധിപത്യത്തെ വിട്ടുപോകാത്തത്.
സ്വന്തം പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അംഗത്വം നല്‍കാത്ത, സ്ത്രീ സംവരണത്തെ എതിര്‍ക്കുന്ന മത രാഷ്ട്രീയ ഷണ്ഡന്മാരെ സമൂഹം കല്ലെറിയാന്‍ ധൈര്യം കാണിക്കാത്തത് എന്ത് കൊണ്ടാണ്. ഒരു മതത്തെ തന്നെ പ്രതികൂട്ടിലാക്കുന്ന തരത്തിലുള്ള അവരുടെ ചെയ്തികളെ എതിര്‍ക്കാന്‍ കൂട്ടത്തിലുള്ളവര്‍ക്ക് കഴിയാത്തത് എന്ത് കൊണ്ടാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം കാണേണ്ടത് ഇന്ത്യയിലെ സ്ത്രീ സമൂഹത്തിന്റെ അനിവാര്യമായ ആവശ്യമാണ്. കല്ലെറിയും മുന്‍പ് സ്വയം തിരുത്തിയില്ലെങ്കില്‍ സമൂഹം നിങ്ങള്‍ ‘നഗ്ന’രാണെന്ന് പരസ്യമായി വിളിച്ച് പറയും. അതിന് മുന്‍പ് സ്വയം തിരുത്താന്‍ എല്ലാവര്ക്കും കഴിയണം. സ്ത്രീകള്‍ വിധവകളാകും എന്നതിന്റെ പേരില്‍ മാത്രം സ്ത്രീകള്‍ പുരുഷന്മാര്ക്കെതിരെ യുദ്ധം ചെയ്യില്ല എന്നൊന്നും ആരും കരുതേണ്ട….
Discussion about this post