ചെന്നൈ ; തമിഴ്നാട്ടിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ പീഡന ശ്രമം. ചെങ്കോട്ടയ്ക്കെടുത്ത് പാവൂർഛത്രത്തിൽ മലയാളിയായ റെയിൽവേ ഗേറ്റ് ജീവനക്കാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഗുരുതരമായി പരുക്കേറ്റ യുവതി തിരുനൽവേലിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണം ബലാത്സംഗ ശ്രമമാണെന്നാണ് പോലീസ് പറയുന്നത്. പ്രതികളെ കണ്ടെത്താനായിട്ടില്ല.
റെയിൽവേ ഗേറ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോൺ ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. തുടർന്ന് യുവതിയെ ക്രൂരമായി മർദിക്കുകയും കല്ല് കൊണ്ട് തലയിൽ അടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ യുവതിയുടെ തലയ്ക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്. ഉപദ്രവിക്കാൻ ശ്രമിക്കുന്നതിനിടയിൽ യുവതി പുറത്തേക്ക് ഓടുകയായിരുന്നു.
പിന്തുടർന്ന അക്രമി റെയിൽവേ ട്രാക്കിലൂടെ യുവതിയെ വലിച്ചിഴച്ചയ്ക്കുകയും ലൈംഗികമായി പീഡിപ്പിക്കാനും ശ്രമിച്ചു. യുവതി നിലവിളിച്ചതോടെ അക്രമി സംഭവസ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ നിലയിൽ കണ്ടെത്തിയ ജീവനക്കാരിയെ പിന്നീട് നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്.
Discussion about this post