തിരുവനന്തപുരം: ഗൾഫിൽ ജോലിക്കായ് എത്തി ഏജന്റുമാരും സ്പോൺസറും കയ്യൊഴിഞ്ഞ് ദുരിതത്തിൽ കഴിഞ്ഞിരുന്ന ലത്തീഫാ ബീവിയെയും സരസ്വതിയെയും നാട്ടിലെത്തിക്കാൻ ഇടപെട്ട സുരേഷ് ഗോപിക്ക് നന്ദി പറഞ്ഞ് കുടുംബങ്ങൾ. കഴിഞ്ഞ രണ്ട് വർഷമായി ഗൾഫിൽ ദുരിതമനുഭവിക്കുകയായിരുന്നു ഇരുവരും. ജീവിതം വഴിമുട്ടി നിൽക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ സ്നേഹസ്പർശം ലഭിച്ചത്.
ഇരുവരുടെയും അവസ്ഥ അറിഞ്ഞതോടെ, സുരേഷ് ഗോപി ഇന്ത്യൻ എംബസി അധികൃതരുമായി ബന്ധപ്പെട്ട് രണ്ടു പേരെയും എംബസിയിൽ എത്തിച്ചു. കെട്ടിവക്കാനുള്ള രണ്ടര ലക്ഷത്തോളം രൂപയും നൽകി. തുടർന്ന് കഴിഞ്ഞ ദിവസം രാത്രി മസ്കറ്റിൽ നിന്നും യാത്ര പുറപ്പെട്ട ഇരുവരും ഇന്ന് രാവിലെ 4 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയായിരുന്നു.
വിമാനത്താവളത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എസ് സുരേഷ്, പാർട്ടി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി വി രാജേഷ് എന്നിവർ ചേർന്ന് ഇരുവരെയും സ്വീകരിച്ചു.












