ഫ്‌ളോറിഡ: കോൺടാക്ട് ലെൻസ് വച്ച് കിടന്നുറങ്ങിയ 21 വയസ്സുകാരന്റെ കാഴ്ച നഷ്ടമായി. അമേരിക്കയിലെ ഫ്ളോറിഡയിൽ നിന്നുള്ള മൈക്ക് ക്രംഹോൾസിനാണ് ദുരനുഭവമുണ്ടായത്. കോൺടാക്ട് ലെൻസ് മാറ്റാതെ ഉറങ്ങിയ മൈക്കിന്റെ ഒരു കണ്ണ് മാംസം കഴിക്കുന്ന അപൂർവ്വ ഇനം പരാന്നഭോജി(പാരസൈറ്റ്) കഴിക്കുകയായിരുന്നു.
കഴിഞ്ഞ ഏഴ് വർഷമായി മൈക്ക് കോൺടാക്ട് ലെൻസ് ഉപയോഗിക്കുന്നുണ്ട്. ഇതിനിടയിൽ ലെൻസ് എടുക്കാൻ പോയ ഒരു തവണ പോലും കണ്ണിൽ അണുബാധയോ നിറവ്യത്യാസമോ മൈക്കിന് ഉണ്ടായിട്ടില്ല. എന്നാൽ ഇക്കുറി കാര്യങ്ങൾ മാറിമറിയുകയായിരുന്നു. മൈക്കിന്റെ വലതുകണ്ണിനെ അകാന്തമീബ കെരാറ്റിറ്റിസ് ബാധിച്ചതായി കണ്ടെത്തി. കണ്ണിന്റെ കാഴ്ച പൂർണമായും നഷ്ടപ്പെടുന്ന അവസ്ഥയാണിത്.
മൈക്ക് തന്നെയാണ് ഇക്കാര്യം എഫ്ബി പേജിലൂടെ പുറംലോകത്തെ അറിയിച്ചത്. കഴിഞ്ഞ മാസമാണ് ഈ സംഭവം ഉണ്ടായതെന്നാണ് മൈക്ക് പറയുന്നത്. രാവിലെ ഉറക്കം ഉണർന്നപ്പോഴാണ് കണ്ണിന്റെ നിറവ്യത്യാസം ശ്രദ്ധയിൽ പെടുന്നത്. അലർജി ആയിരിക്കുമെന്നാണ് ആദ്യം കരുതിയത്. അഞ്ചോളം നേത്രരോഗ വിദഗ്ധരേയും രണ്ട് കോർണിയ സ്‌പെഷ്യലിസ്റ്റുകളേയും കണ്ടു. തുടർന്നാണ് അകന്തമെബ കെരറ്റിറ്റിസ് രോഗമാണെന്ന് സ്ഥിരീകരിക്കുന്നത്.
മൈക്കിന്റെ ഒരു കണ്ണിന് നിലവിൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇത് വളരെ വേദന ഉണ്ടാക്കുന്ന ശസ്ത്രക്രിയ ആണെന്ന് മൈക്ക് പറയുന്നു. തുടർ ശസ്ത്രക്രിയകളിലൂടെ 50 ശതമാനം കാഴ്ചശക്തി ലഭിക്കുമെന്നാണ് ഡോക്ടർമാർ പറയുന്നത്. കോൺടാക്ട് ലെൻസുകൾ ധരിച്ച് കൊണ്ട് ഉറങ്ങുകയോ കുളിക്കുകയോ ചെയ്യരുതെന്നും ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
Discussion about this post