പത്തടി ഉയരം, എണ്ണൂറ് കിലോ ഭാരം, ആര് കണ്ടാലും പറയും ”നല്ല ലക്ഷണമൊത്ത കൊമ്പൻ.” ഇരിഞ്ഞാടപ്പിള്ളി രാമന്റെ സവിശേഷതകളാണ് ഈ പറഞ്ഞത്. എന്നാൽ യഥാർത്ഥ ആനയിൽ നിന്ന് ഈ കൊമ്പന് ചെറിയ ഒരു വ്യത്യാസമുണ്ട്, തുമ്പക്കൈ ആട്ടിക്കൊണ്ട് തലയുയർത്തി നിൽക്കുന്ന ഈ ഗജവീരൻ ഒരു റോബോട്ടാണ്. ഒറ്റയടിക്ക് നോക്കിയാൽ യഥാർത്ഥ ആനയുടെ എല്ലാ ലക്ഷണങ്ങളുമുണ്ടെങ്കിലും അടുത്ത് ചെന്നാൽ മനസിലാകും ഇത് റോബോട്ട് ആണെന്ന്.
ഇരിഞ്ഞാടപ്പിള്ളി ശ്രീകൃഷ്ണക്ഷേത്രത്തിലേക്ക് ഒരുകൂട്ടം ഭക്തരുടെ സംഭാവനയാണ് ഈ റോബോട്ട് കൊമ്പൻ. വരുന്ന 26 -ാം തീയതി കൊമ്പനെ ക്ഷേത്രത്തിൽ നടയിരുത്താനൊരുങ്ങുകയാണ്. ക്ഷേത്രങ്ങളിൽ ആദ്യമായിട്ടാണ് ഒരു റോബോട്ടിക് ആനയെ നടയിരുത്തുന്നത്.
നടയിരുത്തൽ ചടങ്ങിൽ താന്ത്രികമേഖലയിലെ പ്രമുഖർ പങ്കെടുക്കും. കളഭാഭിഷേകത്തിന് ശേഷം നടക്കുന്ന എഴുന്നള്ളിപ്പിന് ഇരിഞ്ഞാടപ്പിള്ളി രാമൻ തിടമ്പേറ്റും. പെരുവനം സതീശൻമാരാരുടെ നേതൃത്വത്തിലാണ് മേളം. നാലുപേർക്ക് ഇരിക്കാവുന്ന ആനപ്പുറത്ത് ആലവട്ടവും വെഞ്ചാമരവും വീശാൻ ആളുകളുണ്ടാകും.
അഞ്ച് മോട്ടോറുകൾ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. തുമ്പിക്കൈ മാത്രം പാപ്പാന് നിയന്ത്രിക്കാൻ കഴിയും. സ്വിച്ചിട്ടാൽ തുമ്പിക്കൈയിൽനിന്ന് വെള്ളം ചീറ്റുമെന്നതും പ്രത്യേകതയാണ്. അഞ്ച് ലക്ഷം രൂപയാണ് ഇതിന്റെ നിർമാണ ചെലവ്. ദുബായ് ഉത്സവത്തിന് റോബോട്ടിക് ഗജവീരന്മാരെ ഒരുക്കിയ ചാലക്കുടി പോട്ട പനമ്പിള്ളി കോളജ് റോഡിലെ ഫോർ ഹി ആർട്ട്‌സിലെ ശിൽപികളായ പ്രശാന്ത്, ജിനേഷ്, റോബിൻ, സാന്റോ എന്നിവരാണ് ഈ ഗജവീരനെയും നിർമിച്ചിരിക്കുന്നത്.
Discussion about this post