കണ്ണൂർ: ഇന്ത്യയിൽ മതനിരപേക്ഷതയ്ക്ക് വേണ്ടി പോരാടുന്നവർക്കൊപ്പം മുസ്ലീം ലീഗിന് ചേർന്ന് പ്രവർത്തിക്കാൻ കഴിയണമെന്നാണ് ഇടതുപക്ഷത്തിന്റെ ആഗ്രഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എല്ലാ വർഗ പ്രസ്ഥാനങ്ങൾ,ബഹുജനപ്രസ്ഥാനങ്ങൾ,മതനിരപേക്ഷതയ്ക്കും ജനാധിപത്യ മൂല്യങ്ങൾക്കും വേണ്ടി, തൊഴിലാളികൾ,കർഷകർ,ജനാധിപത്യ വിശ്വാസികൾ, എന്നിങ്ങനെ എല്ലാവരും കൂടിച്ചേരുന്ന അതിവിപുലമായ ഒരു ഇടതുപക്ഷ പ്രസ്ഥാനം രാജ്യത്ത് വളർന്നു വരണമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ വളർന്നു വരുമ്പോൾ മുസ്ലീം ലീഗ് ഉൾപ്പെടെയുള്ളവർക്ക് അതിന്റെ ഭാഗമാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീം ലീഗിന് ഇന്ത്യയിലെ വിശാല ഇടതുപക്ഷത്തിന്റെ ഭാഗമാകാം. ന്യൂനപക്ഷങ്ങളും തൊഴിലാളികളും ചേരുന്ന ഇടതുബദലിലേക്ക് ലീഗിന് വരാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കോൺഗ്രസിന് ബിജെപിയെ നേരിടാൻ കരുത്തില്ലെന്നും ബിജെപിയ്ക്ക് ബദൽ വയ്ക്കാൻ കഴിയുന്ന ഒരു പാർട്ടിയാണ് കോൺഗ്രസ് എന്ന് ആരും ധരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ് ഒരു പ്രാദേശിക പാർട്ടി പോലെ ക്ഷീണിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിക്ക് നേരെ കോൺഗ്രസ് ആത്മഹത്യാ സ്‌ക്വാഡിനെ ഇറക്കിയിരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കരിങ്കൊടിയുമായി ഇവർ വാഹനവ്യൂഹത്തിലേക്ക് ചാടുകയാണെന്നും എംവി ഗോവിന്ദൻ ആരോപിച്ചു. പാർട്ടിയെ വെല്ലുവിളിച്ച ആകാശ് തില്ലങ്കേരിക്കും എംവി ഗോവിന്ദൻ മുന്നറിയിപ്പ് നൽകി. ക്രിമിനലായ ആകാശ് തില്ലങ്കേരി ശുദ്ധ അസംബന്ധം പറയുകയാണ്. ഇനി പാർട്ടി ലേബലിൽ ഇറങ്ങിയാൽ അപ്പോൾ കാണാം. പി ജയരാജന് ക്വട്ടേഷൻ സംഘവുമായി ബന്ധമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു
Discussion about this post