ചെന്നൈ: തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷ്(28) ആണ് പിടിയിലായത്. ചെങ്കോട്ടയിൽ നിന്നാണ് റെയിൽവേ പോലീസ് പ്രതിയെ പിടികൂടിയത്. കൊല്ലം കുന്നിക്കോട് സ്‌റ്റേഷൻ പരിധിയിലും പ്രതിക്കെതിരെ സമാന കേസ് ഉള്ളതായി പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വ്യാഴാഴ്ച പാവൂർ ഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. ഷർട്ട് ധരിക്കാതെ കാക്കി പാന്റ് ആണ് അക്രമി ഇട്ടിരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഗാർഡ് റൂമിലേക്ക് അതിക്രമിച്ച് കയറിയതിന് ശേഷം കയറിപ്പിടിക്കുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നു. അതിക്രൂരമായ മർദ്ദനമായിരുന്നു യുവതിക്ക് ഏൽക്കേണ്ടി വന്നത്. ശരീരമാസകലം ക്ഷതമേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
സംഭവത്തിന് പിന്നാലെ നിരവധി ആളുകളെയാണ് റെയിൽവേ പോലീസ് ചോദ്യം ചെയ്തത്. ഇതരസംസ്ഥാന തൊഴിലാളികളെ അടക്കം നിരീക്ഷണത്തിലാക്കിയിരുന്നു.സിസിടിവി ദൃശ്യങ്ങളും പ്രദേശത്ത് നിന്ന് ലഭിച്ച നിർണായക തെളിവുകളും പരിശോധിച്ചാണ് പോലീസ് പ്രതിയെ പിടികൂടിയത്.
Discussion about this post