തെങ്കാശി: തമിഴ്‌നാട് തെങ്കാശിയിൽ മലയാളിയായ റെയിൽവേ ജീവനക്കാരി അക്രമിക്കപ്പെട്ട സംഭവത്തിൽ പ്രതി അനീഷിനെ പിടികൂടാൻ സഹായകമായത് ഇയാൾ ധരിച്ചിരുന്ന കാക്കി പാന്റ്‌സും ചെരിപ്പും. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. അക്രമം നടന്ന സ്ഥലത്ത് നിന്ന് അനീഷിന്റെ ഒരു ചെരുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ പെയിന്റിന്റെ അംശം ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ അക്രമി പെയിന്റിംഗ് തൊഴിലാളിയാണെന്ന നിഗമനത്തിൽ ആദ്യം തന്നെ പോലീസ് എത്തിയിരുന്നു.
സമീപ പ്രദേശങ്ങളിലെ സംശയമുള്ള എല്ലാ തൊഴിലാളികളേയും പോലീസ് ചോദ്യം ചെയ്തിരുന്നു. കുന്നിക്കോട് പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഒരു ബലാത്സംഗ കേസിൽ പ്രതിയാണ് അനീഷ്. ഒറ്റയ്ക്ക് ജോലി ചെയ്യുന്ന സ്ത്രീകളെയാണ് ഇയാൾ ലക്ഷ്യമിട്ടിരുന്നത്. വഴങ്ങിയില്ലെങ്കിൽ അവരെ ആക്രമിച്ചു കീഴ്‌പ്പെടുത്തുന്നതാണ് ഇയാളുടെ രീതിയെന്നും പോലീസ് പറയുന്നു. ചെങ്കോട്ടയിൽ വച്ചാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ വ്യാഴാഴ്ച പാവൂർ ഛത്രം റെയിൽവേ ക്രോസിലാണ് ജീവനക്കാരി ആക്രമിക്കപ്പെട്ടത്. ഷർട്ട് ധരിക്കാതെ കാക്കി പാന്റ് ആണ് അക്രമി ഇട്ടിരുന്നതെന്ന് യുവതി പോലീസിനോട് പറഞ്ഞിരുന്നു. ഗാർഡ് റൂമിലേക്ക് അതിക്രമിച്ച് കയറിയതിന് ശേഷം കയറിപ്പിടിക്കുകയായിരുന്നു. വഴങ്ങിയില്ലെങ്കിൽ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിൽ പറയുന്നു. അതിക്രൂരമായ മർദ്ദനമായിരുന്നു യുവതിക്ക് ഏൽക്കേണ്ടി വന്നത്. ശരീരമാസകലം ക്ഷതമേറ്റ നിലയിലാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
Discussion about this post