മറ്റ് : രാജി പ്രഖ്യാപിച്ചതിന് പിന്നാലെ പുതിയ പാർട്ടി ആരംഭിച്ച മുൻ ജനതാ ദൾ(യുണൈറ്റഡ്) നേതാവ് ഉപേന്ദ്ര കുശ്വ. ജനതാദളിൽ നിന്ന് രാജി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ പാർട്ടി രൂപീകരണത്തെക്കുറിച്ച് അറിയിച്ചത്. രാഷ്ട്രീയ ലോക് ജനതാ ദൾ എന്ന പേരിലാണ് പാർട്ടി രൂപീകരിക്കാൻ തീരുമാനിച്ചിരിക്കുന്നത് എന്ന് കുശ്വ പറഞ്ഞു.
ഇത് ഏകകണ്ഠമായി എടുത്ത തീരുമാനമാണ്. തന്നെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. കൽപ്പൂരി ഠാക്കൂറിന്റെ പാരമ്പര്യം പാർട്ടി മുന്നോട്ട് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ കൗൺസിലിലെ എംഎൽസി സ്ഥാനം രാജിവെക്കുകയാണെന്ന് കുശ്വ അറിയിച്ചു.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും കുശ്വായുമായി തർക്കം നിലനിന്നിരുന്നു. തുടർന്ന് ഫെബ്രുവരി 19, 20 തീയതികളിൽ പട്‌നയിൽ വെച്ച് നടന്ന രണ്ട് ദിവസത്തെ ഓപ്പൺ സെഷനിൽ പങ്കെടുക്കാൻ അദ്ദേഹം ജെഡിയു പ്രവർത്തകരെ ക്ഷണിച്ചിരുന്നു. യോഗത്തിൽ ഭാവി രാഷ്ട്രീയ തന്ത്രങ്ങളെക്കുറിച്ച് ചർച്ചകൾ നടന്നു. തുടർന്നാണ് പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരണത്തെക്കുറിച്ച് തീരുമാനിച്ചത്.
ഇന്ന് ഒരു പുതിയ രാഷ്ട്രീയ ജീവിതം ആരംഭിക്കുകയാണ്. ചില പ്രവർത്തകർ ഒഴികെ ജെഡിയുവിന്റെ ഭാവിയിൽ എല്ലാവരും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അങ്ങനെയാണ് തിരഞ്ഞെടുക്കപ്പെട്ട സഹപ്രവർത്തകരുമായി യോഗം ചേർന്ന് തീരുമാനമെടുത്തതെന്ന് കുശ്വ പറഞ്ഞു.
തുടക്കത്തിൽ നിതീഷ് കുമാർ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെങ്കിലും പിന്നീട് മോശമായി വന്നെന്ന് ബിഹാർ മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തിക്കൊണ്ട് കുശ്വ പറഞ്ഞു. മുഖ്യമന്ത്രി സ്വന്തം ഇഷ്ടപ്രകാരമല്ല, ചുറ്റുമുള്ള ആളുകളുടെ നിർദ്ദേശങ്ങൾക്കനുസരിച്ചാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇന്ന് സ്വന്തമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. ഒരു പിൻഗാമിയെ തിരഞ്ഞെടുത്തിരുന്നെങ്കിൽ മറ്റാരെയും നോക്കിനിൽക്കേണ്ട അവസ്ഥ വരില്ലായിരുന്നുവെന്നും കുശ്വാഹ പറഞ്ഞു.
Discussion about this post