ബെയ്ജിംഗ് : ചൈനയിൽ കൊറോണ സൃഷ്ടിച്ച നാശനഷ്ടങ്ങൾ ക്രമേണ കുറഞ്ഞുവരികയാണ്. എന്നാൽ കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ ഇക്കാലയളവിൽ പ്രകടനം നടത്തിയവർ ദുരൂഹസാഹചര്യത്തിൽ കാണാതാകുകയാണ്. മിക്കവരെയും സർക്കാർ കസ്റ്റഡിയിലെടുത്തതായും സൂചനകളുണ്ട്.
ഇതുവരെ 100 പേരെ സർക്കാർ കസ്റ്റഡിയിലെടുത്തതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അതിൽ ധാരാളം സ്ത്രീകളും ഉൾപ്പെടുന്നു. ഷി ജിൻപിംഗ് സർക്കാർ ഇവരെ വിട്ടയക്കണമെന്ന് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്. അനധികൃതമായി കസ്റ്റഡിയിലെടുത്തവരുടെ പട്ടിക മനുഷ്യാവകാശ സംഘടന പുറത്തുവിടുകയും ചെയ്തു. കസ്റ്റഡിയിലെടുത്തവരിൽ പലരും അമേരിക്കയിൽ നിന്നും ബ്രിട്ടനിൽ നിന്നും പഠനം കഴിഞ്ഞ് തിരിച്ചെത്തിയവരാണെന്നാണ് വിവരം.
കഴിഞ്ഞ വർഷം നവംബറിൽ ചൈനയിൽ ആയിരക്കണക്കിന് ആളുകൾ കൊറോണ നിയന്ത്രണങ്ങൾക്കെതിരെ ധവളപത്രവുമായി സർക്കാരിനെതിരെ പ്രകടനം നടത്തിയിരുന്നു. അതിനിടെ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാൽ, ഇപ്പോഴും ഈ അറസ്റ്റുകൾ കൂടിവരികയാണ്. തടവിലാക്കിയവർ ആക്ടിവിസ്റ്റുകളല്ല, യുഎസിലും യുകെയിലും പഠിച്ച് മടങ്ങിയെത്തിയ എഴുത്തുകാരും പത്രപ്രവർത്തകരും അദ്ധ്യാപകരും സംഗീതജ്ഞരുമാണെന്നാണ് ബിബിസി റിപ്പോർട്ട് ചെയ്യുന്നത്.
സ്ത്രീകളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന ആളുകളെയാണ് ഷി ജിൻപിംഗിന്റെ സർക്കാർ നിരീക്ഷിക്കുന്നത്. ഭാവിയിൽ എതിർപ്പിന്റെ ഒരു അന്തരീക്ഷവും ചൈനയിൽ ഉണ്ടാകരുതെന്നും സർക്കാർ ആഗ്രഹിക്കുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത സ്ത്രീകളിൽ ഒരാൾ തന്റെ കാമുകിയാണെന്ന് ഒരു യുവാവ് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്.
യുവാക്കളെയും യുവതികളെയും തടങ്കലിൽ പാർപ്പിച്ച് പ്രതിഷേധത്തിന്റെ സൂത്രധാരന്മാരിലേക്ക് എത്താനാണ് സർക്കാർ ശ്രമിക്കുന്നത് . കൊറോണ പ്രതിസന്ധിയിൽ അവിടെ നടന്ന പ്രകടനങ്ങൾക്ക് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളാണെന്നാണ് ചൈനീസ് സർക്കാർ കരുതുന്നത്.
Discussion about this post