കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടി മഞ്ജു വാര്യരെ വിചാരണ കോടതി ഇന്ന് വീണ്ടും വിസ്തരിക്കും. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളിലെ ശബ്ദം ദിലീപിന്റേത് തന്നെയാണോയെന്ന് ഉറപ്പിക്കുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മഞ്ജു വാര്യർക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും ദിലീപ് സുപ്രീംകോടതിയെ സമീപിച്ചതോടെ വിസ്താരം നീണ്ടു പോവുകയായിരുന്നു.
മഞ്ജു വാര്യർ അടക്കമുള്ളവരെ വീണ്ടും വിസ്തരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു ദിലീപ് സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ കേസിൽ ആരെയൊക്കെ വിസ്തരിക്കണം എന്ന് തീരുമാനിക്കുന്നത് പ്രതി ആകരുതെന്ന് അതിജീവിതയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കാൻ സുപ്രീംകോടതി അനുമതി നൽകിയത്. മഞ്ജു വാര്യർ അടക്കമുള്ള നാല് സാക്ഷികളെ വീണ്ടും വിസ്തരിക്കാമെന്നും പ്രോസിക്യൂഷന്റെ തീരുമാനത്തിൽ ഇടപെടില്ലെന്നുമാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.
30 പ്രവൃത്തി ദിവസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കാൻ കഴിയുമെന്നാണ് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്. ബാലചന്ദ്രകുമാർ ഹാജരാക്കിയ വോയിസ് ക്ലിപ്പിലെ ദിലീപിന്റെയും, സഹോദരന്റെയും, സഹോദരിയുടെയും, സഹോദരി ഭർത്താവിന്റെയും ശബ്ദം തിരിച്ച് അറിയുന്നതിനാണ് മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യുഷൻ വിചാരണ കോടതിയെ സമീപിച്ചത്.
Discussion about this post