ഹൈദരാബാദ്: ഗ്രീൻ ഇന്ത്യ ചാലഞ്ചിൽ പങ്കാളിയായി ബോളിവുഡ് താരം കങ്കണാ റണാവത്. ചലഞ്ചിന്റെ ഭാഗമായി വൃക്ഷ തൈ നട്ടു. ഗ്രീൻ ഇന്ത്യ ചലഞ്ചിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് കങ്കണ പറഞ്ഞു.
തെലങ്കാനയിലെ പഞ്ചവടി പാർക്കിലാണ് കങ്കണ വൃക്ഷ തൈ നട്ടത്. തിരക്ക് പരിഗണിച്ച് അതിരാവിലെയായിരുന്നു താരം പാർക്കിലെത്തിയത്. പ്രശസ്ത ജോത്സ്യനായ ബാലു മുന്നഗിയാണ് വൃക്ഷ തൈ നടാൻ കങ്കണയെ ചാലഞ്ച് ചെയ്തത്. നിലവിൽ ഹൈദരാബാദിലാണ് ഗ്രീൻ ഇന്ത്യ ചാലഞ്ചിന് തുടക്കമായിരിക്കുന്നത്. ഇത് രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
ചാലഞ്ച് പ്രകാരം വൃക്ഷ തൈ നട്ടതായും പദ്ധതിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വലിയ സന്തോഷമുണ്ടെന്നും കങ്കണ പറഞ്ഞു. എല്ലാവരും ഈ ചലഞ്ച് ഏറ്റെടുക്കണം. ധാരാളം വൃക്ഷ തൈകൾ വച്ചുപിടിപ്പിക്കണം. പദ്ധതിയുടെ ഭാഗമായി തൈകൾ നടാൻ രംഗോലി ചന്ദെർ, ഡോ റിതു റണാവത്, അഞ്ജലി ചൗഹാൻ എന്നിവരെ ചാലഞ്ച് ചെയ്യുന്നുവെന്നും കങ്കണ വ്യക്തമാക്കി.
പ്രകൃതിയെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനായി കൊണ്ടുവന്നതാണ് ഗ്രീൻ ചാലഞ്ച്. രാജ്യസഭാ എംപിയായ സന്തോഷ് കുമാറാണ് ഈ പദ്ധതിയ്ക്ക് ആരംഭം കുറിച്ചത്.
Discussion about this post