ന്യൂഡൽഹി: ശിവസേന എന്ന നാമവും ഔദ്യോഗിക ചിഹ്നമായ അമ്പും വില്ലും ഏകനാഥ് ഷിൻഡെ വിഭാഗത്തിന് അനുവദിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് സ്റ്റേ ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി. ഇതുമായി ബന്ധപ്പെട്ട് മുൻ ശിവസേന നേതാവ് ഉദ്ധവ് താക്കറെ നൽകിയ ഹർജി പരിഗണിക്കവെ, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഢാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നിലവിലെ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി സ്റ്റേ ചെയ്യാനാവില്ല. തങ്ങളുടെ ഭാഗങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനെ ബോദ്ധ്യപ്പെടുത്താൻ ഏകനാഥ് ഷിൻഡെക്കും ഉദ്ധവ് താക്കറെയ്ക്കും ഒരേ അവസരമാണ് ലഭിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.
തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് പ്രകാരം പാർട്ടി പദവികളും ബാങ്ക് അക്കൗണ്ടുകളും ഓഫീസുകളുടെ നിയന്ത്രണവും ഷിൻഡെ പക്ഷം ഏറ്റെടുക്കുന്നത് തടയണമെന്ന് ഉദ്ധവ് പക്ഷത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
എന്നാൽ കോടതി ആ ആവശ്യവും നിരാകരിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും മറുപക്ഷത്തിന് അനുവദിച്ച നടപടിയെ മാത്രം ചോദ്യം ചെയ്താണ് ഉദ്ധവ് പക്ഷം കോടതിയെ സമീപിച്ചിരിക്കുന്നത്. ആ കാര്യം മാത്രമാണ് നിലവിൽ കോടതി പരിശോധിക്കുന്നത്. മറ്റുള്ള കാര്യങ്ങൾ നിലവിൽ പരിഗണിക്കാൻ സാദ്ധ്യമല്ലെന്നും ജസ്റ്റിസ് ചന്ദ്രചൂഢ് വ്യക്തമാക്കി.
ഇതോടെ, പാർട്ടി പദവികളും ബാങ്ക് അക്കൗണ്ടുകളും ഓഫീസുകളുടെ നിയന്ത്രണവും ഷിൻഡെ പക്ഷം ഏറ്റെടുക്കുന്നത് തടയണമെങ്കിൽ അതുമായി ബന്ധപ്പെട്ട് ഉദ്ധവ് പക്ഷം വേറെ ഹർജി നൽകേണ്ടി വരും.
അതേസമയം, തിരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവ് ചോദ്യം ചെയ്ത് ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി ഏകനാഥ് ഷിൻഡെ പക്ഷത്തിന് നോട്ടീസ് അയച്ചു. നോട്ടീസിന് മറുപടി നൽകാൻ കോടതി രണ്ടാഴ്ച സമയവും അനുവദിച്ചിട്ടുണ്ട്.
Discussion about this post