കാബൂൾ: പാകിസ്താനിൽ പാക് താലിബാന്റെ നേതൃത്വത്തിലുള്ള ഭീകരാക്രമണങ്ങൾ തുടർക്കഥയാവുന്നതിനിടെ സന്ധിചർച്ചയ്ക്കായി ഭരണകൂടം ശ്രമിക്കുന്നതായി റിപ്പോർട്ട്. താലിബാനുമായി ചർച്ച നടത്താൻ പാക് ഉദ്യോഗസ്ഥർ അഫ്ഗാനിസ്ഥാനിലെത്തിയതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇസ്ലാമാബാദിൽ നിന്ന് ഉന്നതതല പ്രതിനിധി സംഘം കാബൂളിലേക്ക് കുതിച്ചെന്നാണ് വിവരം.
പ്രതിരോധ മന്ത്രി ഖ്വാജ ആസിഫിന്റെ നേതൃത്വത്തിൽ പാകിസ്ഥാൻ പ്രതിനിധി സംഘം സുരക്ഷാ സംബന്ധിയായ കാര്യങ്ങൾ ചർച്ച ചെയ്യുകയും തെഹ്രീകെ താലിബാൻ പാകിസ്ഥാൻ (ടിടിപി) തീവ്രവാദികൾ അഫ്ഗാൻ മണ്ണ് പാക്കിസ്ഥാനിലെ ആക്രമണത്തിന് ഉപയോഗിക്കുന്നത് ചൂണ്ടിക്കാണിക്കുകയും ചെയ്തതായാണ് വിവരങ്ങൾ. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിലാണ് പാക് പ്രതിനിധി സംഘം അഫ്ഗാൻ ന്ദർശനം നടത്തുന്നത്.
ഇന്റർ സർവീസസ് ഇന്റലിജൻസ് (ഐഎസ്‌ഐ) മേധാവി ലഫ്റ്റനന്റ് ജനറൽ നദീം അൻജും, വിദേശകാര്യ സെക്രട്ടറി അസദ് മജീദ് ഖാൻ, അഫ്ഗാനിസ്ഥാനിലെ ചുമതലയുള്ള ഉബൈദുർ റഹ്‌മാൻ നിസാമാനി, അഫ്ഗാനിസ്ഥാനിലെ പാക്കിസ്ഥാന്റെ പ്രത്യേക പ്രതിനിധി മുഹമ്മദ് സാദിഖ് എന്നിവരും സംഘത്തിലുണ്ട്. പ്രതിരോധ മന്ത്രി ഖവാജ ആസിഫിനൊപ്പം പാകിസ്താൻ പ്രതിനിധി സംഘം അഫ്ഗാനിസ്ഥാന്റെ ആക്ടിംഗ് ഉപപ്രധാനമന്ത്രി മുല്ല അബ്ദുൾ ഗനി ബരാദറുമായി കൂടിക്കാഴ്ച നടത്തി.
സാമ്പത്തിക സഹകരണം, പ്രാദേശിക ബന്ധം, വ്യാപാരം, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഇരുപക്ഷവും ചർച്ച ചെയ്തതായി അഫ്ഗാൻ മന്ത്രിമാരുടെ കൗൺസിൽ പ്രസ്താവനയിൽ പറഞ്ഞു. രാഷ്ട്രീയ, സുരക്ഷാ പ്രശ്‌നങ്ങൾ ഇരു അയൽരാജ്യങ്ങളും തമ്മിലുള്ള വ്യാപാര, സാമ്പത്തിക കാര്യങ്ങളെ ബാധിക്കരുതെന്നും പാകിസ്താനിലെ പല ജയിലുകളിലായി തടവിലാക്കപ്പെട്ട താലിബാൻ തടവുകാരെ മോചിപ്പിക്കാൻ അഫ്ഗാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി പാക് പ്രതിനിധികളോട് ആവശ്യപ്പെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. താലിബാന്റെ ഉപാധികളെല്ലാം പാക് പ്രതിനിധികൾ സമ്മതിച്ചെന്നാണ് വിവരം.
Discussion about this post