ന്യൂഡൽഹി: ഇന്ത്യ ഭാവിയുടെ പ്രതീക്ഷയാണെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. ലോകം വലിയ വലിയ പ്രതിസന്ധികൾ നേരിടുമ്പോഴും വലിയ പ്രശ്‌നങ്ങൾ നിസാരമായി പരിഹരിക്കാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചുവെന്നും ബിൽ ഗേറ്റ്‌സ് പ്രശംസിച്ചു. ഗേറ്റ്‌സ് നോട്ട്‌സ് എന്ന തന്റെ ബ്ലോഗിലൂടെയാണ് അദ്ദേഹം ഇന്ത്യയെ അഭിനന്ദിക്കുകയും പ്രശംസിക്കുകയും ചെയ്തത്.
ഇന്ത്യ ലോകത്തിന് മുഴുവൻ മാതൃകയാണെന്നാണ് അദ്ദേഹം പറയുന്നത്. ഇതിന് ഇന്ത്യ അതിവേഗം കൈവരിച്ച പുരോഗതിയെക്കാൾ വലിയൊരു തെളിവില്ല. ഇന്ത്യ എനിക്ക് ഭാവിയെ കുറിച്ചുള്ള പ്രതീക്ഷകൾ നൽകുന്നു. ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ മാറാൻ പോവുകയാണ്. അതുകൊണ്ട് തന്നെ വലിയ തോതിൽ പ്രശ്‌നപരിഹാരങ്ങൾ ഉണ്ടാക്കാതെ അവർക്ക് മുന്നോട്ട് പോകാൻ കഴിയില്ല. എന്നിട്ടും വലിയ വെല്ലുവിളികളെ നേരിടാൻ കഴിയുമെന്ന് ഇന്ത്യ തെളിയിച്ചു.
രാജ്യം പോളിയോ നിർമാർജനം നടത്തി, എച്ച് ഐ വി പകരുന്നതിൽ നിയന്ത്രിക്കാൻ സാധിച്ചു. ദാരിദ്ര്യ നിരക്ക് കുറച്ചു, ശിശുമരണനിരക്ക് കുറച്ചു, ശുചിത്വത്തിന് പ്രാധാന്യം നൽകി, സാമ്പത്തിക സേവനങ്ങൾ മെച്ചപ്പെടുത്തി. ആവശ്യക്കാരിലേക്ക് ആവശ്യമുള്ളത് എത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഇന്ത്യയ്ക്ക് സാധിക്കുന്നുണ്ട്. അത്തരമൊരു നവീകരണ രീതിയാണ് ഇന്ത്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കുഞ്ഞുങ്ങളിലെ വയറിളക്കത്തിന് കാരണമാകുന്ന വൈറസിനെ തടയാൻ ഇന്ത്യ റോട്ടവൈറസ് വാക്‌സിൻ വികസിപ്പിച്ച കാര്യവും ബിൽ ഗേറ്റ്‌സ് എടുത്തു പറയുന്നു.
Discussion about this post