ഗുരുഗ്രാം: കൊറോണയെ പേടിച്ച് കഴിഞ്ഞ മൂന്ന് വർഷമായി വീട്ടിനുള്ളിൽ നിന്ന് പുറത്തിറങ്ങാതെ കഴിഞ്ഞിരുന്ന അമ്മയേയും പത്തു വയസ്സുകാരനായ മകനേയും ആരോഗ്യ പരിശോധനകൾക്ക് ശേഷം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസിക പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് അമ്മയെ മാനസികരോഗവിഭാഗത്തിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവതിയുടെ ഭർത്താവ് സുജൻ മാജി പോലീസിനെ സമീപിച്ചതോടെയാണ് പുറം ലോകം ഈ വിവരം അറിയുന്നത്. സ്വകാര്യ സ്ഥാപനത്തിൽ എഞ്ചിനീയറായ സുജന് ജോലിക്ക് പോയതിന്റെ പേരിൽ തിരികെ വീട്ടിലേക്ക് പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. കൊറോണയെ പേടിച്ചാണ് യുവതി മകനേയും വീടിനുള്ളിൽ പുറത്തിറങ്ങാൻ അനുവദിക്കാതെ പൂട്ടിയിട്ടത്.
പേടി അവസാനിക്കുമെന്ന് കരുതിയാണ് ഇത്രയും നാൾ കാത്തിരുന്നതെന്നും സുജൻ പറയുന്നു. മുടി തോളൊപ്പം വളർന്ന് വല്ലാത്ത അവസ്ഥയിലായിരുന്നു കുട്ടിയെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷമായി അമ്മയെ അല്ലാതെ മറ്റൊരാളേയും കുട്ടി കണ്ടിട്ടില്ല. വീടിന്റെ ചുവരുകൾ നിറയെ കുട്ടി കുത്തി വരച്ചിട്ടിരിക്കുകയായിരുന്നു.മകനെ ഒരിക്കലും വീടിന് പുറത്തിറക്കില്ലെന്നും, അങ്ങനെ ചെയ്താൽ അവൻ മരിച്ചു പോകും എന്നുമായിരുന്നു യുവതി തുടർച്ചയായി പറഞ്ഞു കൊണ്ടിരുന്നത്. ആദ്യം യുവതിയെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി പുറത്തിറക്കി.
പിന്നീടാണ് കുട്ടിയെ രക്ഷിക്കാൻ പോലീസും ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥരും ഫ്ളാറ്റിനുള്ളിൽ കയറിയത്. മാലിന്യക്കൂമ്പാരമായിരുന്നു ആ വീടെന്ന് രക്ഷാപ്രവർത്തകർ പറയുന്നു. വസ്ത്രങ്ങൾ, റേഷൻ സാധനങ്ങളുടെ കവറുകൾ, മുടി, പഴകിയ വസ്തുക്കൾ ഇവയെല്ലാം വീടിനുള്ളിൽ നിറഞ്ഞ് കിടന്നിരുന്നു. വീട്ടുപകരണങ്ങളിലെല്ലാം അട്ടിയായി അഴുക്ക് പിടിച്ച് കിടപ്പുണ്ടായിരുന്നു. താമസിച്ചിരുന്ന മുറിയും അങ്ങേയറ്റം വൃത്തിഹീനമായിരുന്നു. ഏതാനും ദിവസം കൂടി കഴിഞ്ഞിരുന്നെങ്കിൽ ഒരുപക്ഷേ അമ്മയേയും കുഞ്ഞിനേയും ജീവനോടെ രക്ഷിക്കാൻ പോലും കഴിയുമായിരുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു. വൈകാതെ ത്‌ന്നെ അമ്മയും മകനും സാധാരണ നിലയിലേക്ക് തിരികെ എത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Discussion about this post