ഏറ്റവും വലിയ കോടീശ്വരന്‍, ശതകോടീശ്വരന്‍, ധനികന്‍ എന്നൊക്കെ കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിവരിക ഇലോണ്‍ മസ്‌കിന്റെയോ ജെഫ് ബെസോസിന്റെയോ ബില്‍ ഗേറ്റ്‌സിന്റെയോ അല്ലെങ്കില്‍ ഇന്ത്യക്കാരായ മുകേഷ് അംബാനിയുടെയോ ഗൗതം അദാനിയുടെയോ ബിര്‍ളയുടേയോ ഒക്കെ മുഖങ്ങളായിരിക്കും. കാരണം നമ്മള്‍ കണ്ട, അല്ലെങ്കില്‍ നമ്മുടെ കാലത്തുള്ള ഏറ്റവും വലിയ കോടീശ്വരന്മാര്‍ ഇവരാണ്. എന്നുകരുതി ലോകത്തിലെ എക്കാലത്തെയും വലിയ കോടീശ്വരന്മാര്‍ ഇവരാകണമെന്നില്ലല്ലോ. ഇല്ല. ഇവരേക്കാള്‍ ധനികന്മാരായ എത്രയോ പേര്‍ ഈ ലോകത്ത് ജീവിച്ചിട്ടുണ്ട്. അക്കൂട്ടത്തില്‍ ഒരുപക്ഷേ മന്‍സ മൂസയെന്ന വ്യക്തിയായിരിക്കും ‘എക്കാലത്തേയും ഭൂലോക ധനികൻ’ എന്ന പട്ടത്തിന് അർഹൻ
ആരാണ് മന്‍സ മൂസ
പതിനാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ആഫ്രിക്കന്‍ ചക്രവര്‍ത്തിയായിരുന്നു മന്‍സ മൂസ. എഡി 1280ലാണ് അദ്ദേഹം ജനിച്ചത്. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ മാലിയായിരുന്നു അദ്ദേഹത്തിന്റെ സാമ്രാജ്യം. എഡി 1312ലാണ് അദ്ദേഹം രാജാവാകുന്നത്. ഏതാണ്ട് 400 ബില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ ആസ്തി അദ്ദേഹത്തിന് ഉണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത്. ഉപ്പിന്റെയും സ്വര്‍ണ്ണത്തിന്റെയും വന്‍ ശേഖരങ്ങളായിരുന്നു മൂസയുടെ സമ്പത്തിന്റെ അടിസ്ഥാനം. ഐവറി കോസ്റ്റ്, സിനഗല്‍, മാലി, ബര്‍ക്കിന ഫാസോ ഉള്‍പ്പടെ നിരവധി ആധുനിക ആഫ്രിക്കന്‍ രാജ്യങ്ങളിലായി പരന്നുകിടക്കുന്നതായിരുന്നു മൂസയുടെ മാലി സാമ്രാജ്യം.
മൂസയുടെ പ്രസിദ്ധമായ ഹജ്ജ് തീര്‍ത്ഥാടനം

1324ല്‍ മന്‍സ മ്യൂസ ഹജ്ജ് തീര്‍ത്ഥാടനത്തിനായി മക്കയിലേക്ക് പുറപ്പെട്ടു. ഈ യാത്രയെ കുറിച്ചുള്ള ചരിത്ര രേഖകള്‍ അനുസരിച്ച് ഒരു യാത്രയ്ക്ക് വേണ്ടി ആഫ്രിക്കയിലെ സഹാറ മരുഭൂമിയില്‍ പ്രവേശിക്കുന്ന ഏറ്റവും വലിയ കാരവന്‍ മന്‍സ മൂസയുടേത് ആണ്. നൂറ് ഒട്ടകങ്ങള്‍, കെട്ടുകണക്കിന് സ്വര്‍ണ്ണം, 12,000 പരിചാരകര്‍, 8,000 അകമ്പടിക്കാര്‍ അടക്കം വന്‍ സന്നാഹവുമായാണ് മൂസ ഹജ്ജിന് പുറപ്പെട്ടത്.
ഹജ്ജിനു പോയപ്പോൾ ഈജിപ്തിലെ ജനങ്ങൾക്ക് വാരിക്കോരി സ്വർണം കൊടുത്തത് സ്വർണത്തിന്റെ വിലയിടിയാൻ കാരണമായെന്നാണ് റിപ്പോർട്ടുകൾ. കെയ്‌റോയിൽ മൂന്നു മാസമുണ്ടായിരുന്ന മൂസ കാണുന്നവർക്കെല്ലാം സ്വർണം കൊടുത്തു. ഒടുവിൽ ആ രാജ്യത്ത് സ്വർണത്തിന് വിലയിടിവുണ്ടായി. അമേരിക്കൻ ഏജൻസിയുടെ കണക്ക് പ്രകാരം 1.5 ബില്യൺ ഡോളറിന്റെ മൂല്യത്തകർച്ച സ്വർണത്തിനുണ്ടായത്രെ.
ഉദാരമനസ്‌കനായ ഭരണാധികാരി
ജനങ്ങള്‍ മൂസയെ ‘രാജാക്കന്മാരുടെ രാജാവ്’ എന്നാണ് വിളിച്ചിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്നുള്ള വിവരം അനുസരിച്ച് മൂസയുടെ ഭരണകാലത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വര്‍ണ്ണ ഉല്‍പ്പാദകര്‍ മാലി സാമ്രാജ്യമായിരുന്നു. സ്വര്‍ണ്ണം വാരിക്കൂട്ടുക മാത്രമല്ല, മറ്റുള്ളവര്‍ക്ക് കയ്യയച്ച് ദാനം ചെയ്യാനും മൂസയ്ക്ക് മടിയില്ലായിരുന്നുവെന്ന് പറയപ്പെടുന്നു.












