കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ഇന്ന് ഒരാണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരി 24നാണ് റഷ്യ യുക്രെയ്‌ന് നേരെ കനത്ത ആക്രമണം ആരംഭിച്ചത്. യുദ്ധത്തിൽ നിന്ന് ഒരു കാരണവശാലും പിന്നോട്ടില്ലെന്ന് റഷ്യയും യുക്രെയ്‌നും ആവർത്തിക്കുന്നുണ്ട്. റഷ്യയിൽ മാത്രം രണ്ട് ലക്ഷത്തോളം സൈനികർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. യുക്രെയ്‌നിലാകട്ടെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം മാത്രം എണ്ണായിരത്തോളം വരും.
യുദ്ധത്തിന്റെ ഒന്നാം വാർഷികത്തിൽ കൂടുതൽ രാജ്യങ്ങൾ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തുമെന്നാണ് വിവരം. അമേരിക്ക ഉൾപ്പെടെ 46ഓളം രാജ്യങ്ങൾ നിലവിൽ യുക്രെയ്‌ന് ആയുധ സഹായവും സാമ്പത്തിക സഹായവും നൽകുന്നുണ്ട്. ഒൻപതിനായിരം കോടി രൂപയുടെ ആയുധ-സാമ്പത്തിക സഹായം ഇതിനകം യുക്രെയ്‌ന് ലഭിച്ചുവെന്നാണ് കണക്കുകൾ പറയുന്നത്. ഒന്നാം വാർഷിക വേളയിൽ റഷ്യ യുക്രെയ്‌ന് മേൽ ആക്രമണം കടുപ്പിച്ചേക്കുമെന്ന സൂചനയും പുറത്ത് വരുന്നുണ്ട്.
റഷ്യൻ അധിനിവേശത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് യുക്രെയ്‌നിലെ സെൻട്രൽ ബാങ്ക് പുതിയ നോട്ട് പുറത്തിറക്കി. തങ്ങളുടെ സൈനികരുടേയും ജനതയുടേയും ചെറുത്തുനിൽപ്പിന്റെ പ്രതീകമായാണ് നോട്ട് പുറത്തിറക്കിയിരിക്കുന്നത്. നോട്ടിന്റെ ഒരു വശത്ത് മൂന്ന് സൈനികർ യുക്രെയ്‌ന്റെ ദേശീയ പതാക ഉയർത്തുന്നതായി കാണാം. മറുവശത്ത് കൈകൾ ടേപ്പ് ഉപയോഗിച്ച് ബന്ധിച്ചിരിക്കുന്ന ചിത്രമാണുള്ളത്. യുക്രെയ്‌നിൽ റഷ്യൻ നടത്തിയ ആക്രമണങ്ങളെ പ്രതീകാത്മകമായി ചിത്രീകരിച്ചിരിക്കുന്നതാണിത്.
കഴിഞ്ഞ വർഷം റഷ്യ നടത്തിയ സമ്പൂർണ അധിനിവേശത്തിന് ശേഷം സമ്പദ്വ്യവസ്ഥയെ പിടിച്ചുനിർത്താനും സ്ഥിരത നിലനിർത്താനും സെൻട്രൽ ബാങ്ക് കഠിനമായി പരിശ്രമിച്ചുവെന്ന് നാഷണൽ ബാങ്ക് ഓഫ് യുക്രെയ്ൻ ഗവർണർ ആൻഡ്രി പിഷ്‌നി പറഞ്ഞു. മൂന്ന് ലക്ഷത്തോളം പുതിയ നോട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്. നോട്ട് രൂപകൽപന ചെയ്യാൻ ഏകദേശം എട്ട് മാസത്തോളം സമയമെടുത്തതായി സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥർ പറഞ്ഞു. യുക്രെയ്‌ന്റെ ചെറുത്തുനിൽപ്പിന്റേയും സൈനികരുടേയും ത്യാഗത്തേയും അംഗീകരിച്ച് കൊണ്ട് കൂടുതൽ നോട്ടുകൾ തങ്ങൾ തയ്യാറാക്കി വരികയാണെന്നും ഉദ്യോഗസ്ഥർ പറയുന്നു.
Discussion about this post