തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നതിന്റെ കേന്ദ്രം കളക്ടറേറ്റുകൾ നിഗമനത്തിൽ വിജിലൻസ്.കളക്ടറേറ്റുകളിലെ ചില ഉദ്യോഗസ്ഥരും, ഡോക്ടർമാരും, ഏജന്റുമാരും ഉൾപ്പെടുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. തട്ടിപ്പിന് പിന്നിൽ കൃത്യമായ ആസൂത്രണമുണ്ടെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ അന്വേഷണ സംഘം വിശദമായി പരിശോധിച്ചുവരികയാണ്. ഇത് പൂർത്തിയായാൽ മാത്രമേ തട്ടിപ്പിന്റെ വ്യാപ്തി പുറത്തുവരികയുള്ളൂ. ഇതിന് ശേഷം തുടർ നടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ദുരിതാശ്വാസ നിധിയിൽ നിന്നുള്ള ധനസഹായത്തിനായി സമർപ്പിച്ച അയ്യായിരത്തോളം അപേക്ഷകളാണ് അന്വേഷണ സംഘം പിടിച്ചെടുത്തിരിക്കുന്നത്. ദുരിതാശ്വാസ നിധിയിൽ തട്ടിപ്പ് നടന്നതായി കണ്ടെത്തിയതിന് പിന്നാലെ പരിശോധന ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിജിലൻസിന് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന ആരംഭിച്ചത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി കൂടുതൽ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതിന് ആവശ്യമായ നിർദ്ദേശങ്ങൾ അടങ്ങുന്ന റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പറഞ്ഞു. രണ്ട് വർഷത്തെ മാത്രം അപേക്ഷകളാണ് പരിശോധിച്ചത്. ഇതിൽ നിന്നുമാണ് ഇത്രയും വലിയ തട്ടിപ്പ് വ്യക്തമായത്. കൂടുതൽ തട്ടിപ്പ് നടന്നത് കൊല്ലം ജില്ലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post