കൊച്ചി: ലൈഫ് മിഷൻ കോഴക്കേസിൽ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ റിമാൻഡിൽ. കേസിൽ ഒൻപത് ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷമാണ് ശിവശങ്കറെ കോടതിയിൽ ഹാജരാക്കിയത്. വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് ഇഡി ആവശ്യപ്പെടാതിരുന്നതിനെ തുടർന്നാണ് കോടതി ശിവശങ്കറിനെ റിമാൻഡ് ചെയ്ത് എറണാകുളം ജയിലിലേക്ക് അയച്ചത്.
അതിനിടെ ശിവശങ്കറിന്റെ അഭിഭാഷകൻ കോടതിയിൽ ജാമ്യഹർജി നൽകി. ഹർജിയിൽ നാളെ വിശദമായി വാദം കേൾക്കാമെന്ന് കോടതി അറിയിച്ചു.
അതേസമയം അന്വേഷണത്തിൽ ശിവശങ്കർ വേണ്ടപോലെ സഹകരിക്കുന്നില്ലെന്ന് ഇഡി ആരോപിക്കുന്നു. ഇത്രയും ദിവസം ചോദ്യം ചെയ്‌തെങ്കിലും ശിവശങ്കർ കൃത്യമായ ഉത്തരം നൽകിയില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ നൽകുന്ന വിവരം. ലൈഫ് മിഷനിൽ കോഴപ്പണം കൈപ്പറ്റിയെന്ന് ശിവശങ്കർ ചോദ്യം ചെയ്യലിന്റെ ഒരു ഘട്ടത്തിലും സമ്മതിച്ചിട്ടില്ല. സ്വപ്നയുമായി നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകൾ വ്യക്തിപരമാണെന്നും ലൈഫ് മിഷനുമായി ബന്ധമില്ലെന്നുമാണ് ശിവശങ്കർ മറുപടി നൽകിയത്.
അതേസമയം കേസിൽ പുതിയതായി ലഭിച്ച ഡിജിറ്റൽ തെളിവുകൾ വിശദമായി പരിശോധിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ശിവശങ്കറിനെ കസ്റ്റഡിയിൽ ആവശ്യപ്പെടാനാണ് ഇഡി ആലോചിക്കുന്നത്. തുടർച്ചയായ 3 ദിവസം ചോദ്യം ചെയ്ത ശേഷം ഫെബ്രുവരി 14ന് രാത്രി 11.45 നാണ് ശിവശങ്കറിനെ ഇഡി അറസ്റ്റ് ചെയ്തത്.
Discussion about this post