തിരുവനന്തപുരം: ആധുനിക കൃഷി രീതി പഠിക്കാൻ പോയ സംഘത്തിൽ നിന്നും മുങ്ങിയ കണ്ണൂർ സ്വദേശി ബിജു കുര്യനെ പിടികൂടിയത് ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസിയായ മൊസാദ്. ഇന്റർപോളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടെ ബത്‌ലഹേം കാണാനാണ് ബിജു പോയത് എന്ന സഹോദരന്റെ വാദം പൊളിഞ്ഞു.
ഇസ്രായേലിലെ രഹസ്യകേന്ദ്രത്തിൽ നിന്നാണ് ബിജുവിനെ പിടികൂടിയിരിക്കുന്നത് എന്നാണ് വിവരം. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇന്റർപോൾ ഇന്ത്യൻ എംബസിയോട് വ്യക്തമാക്കിയിട്ടുണ്ട്. കണ്ടെത്തിയതിന് പിന്നാലെ നടപടികൾ പൂർത്തിയാക്കി ബിജുവിനെ ഉദ്യോഗസ്ഥർ കേരളത്തിലേക്ക് അയച്ചു. തിങ്കളാഴ്ച രാവിലെയോടെ ബിജു കേരളത്തിൽ എത്തും. അതേസമയം ബിജുവിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിട്ടില്ല. വിസ കാലാവധിയുള്ള സാഹചര്യത്തിലാണ് ബിജുവിനെതിരായ നിയമ നടപടികൾ മൊസാദ് വേണ്ടെന്ന് വച്ചത്.
ബിജു അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങുന്ന കാര്യം സഹോദരനാണ് വെളിപ്പെടുത്തിയത്. മുങ്ങിയത് അല്ലെന്നും ബത്‌ലഹേമിലേക്ക് പോയതാണെന്നുമായിരുന്നു സഹോദരൻ ബെന്നി പറഞ്ഞത്. എന്നാൽ ഈ വാദം പൊളിച്ചുകൊണ്ടാണ് മൊസാദാണ് കണ്ടെത്തിയത് എന്ന വിവരം പുറത്തുവരുന്നത്.
കഴിഞ്ഞ ആഴ്ചയായിരുന്നു കർഷക സംഘത്തിന്റെ പക്കൽ നിന്നും ബിജു മുങ്ങിയത്. തൊഴിൽ തേടിയായിരുന്നു ബിജു മുങ്ങിയത് എന്നാണ് സൂചന. ഇക്കാര്യത്തിൽ ബിജു കേരളത്തിൽ എത്തിയാൽ മാത്രമേ വ്യക്തതവരുകയുള്ളൂ. ചില മലയാളി സുഹൃത്തുക്കളുടെ സഹായത്താലാണ് ഇയാൾ ഒളിച്ചു കഴിഞ്ഞതെന്നും സംശയിക്കുന്നുണ്ട്.
Discussion about this post