തിരുവനന്തപുരം: യുവതിയെ ഭർത്താവിന്റെ വീട്ടിൽ ദുരൂഹമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിഴിഞ്ഞം കോട്ടപ്പുറം തെന്നൂർക്കോണം വിജയന്റെയും അൽഫോൺസിയയുടെയും മകൾ പ്രിൻസി(32)യെയാണ് ഭർത്താവ് കരിമ്പള്ളിക്കര ദിൽഷാ ഭവനിൽ അന്തോണിദാസി(36)ന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് സംശയിക്കുന്നു.
പ്രിൻസിയുടെ മരണത്തിന് ശേഷം അന്തോണിദാസിനെ കാണാതായതിനെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രി ഒൻപതരയോടെ പ്രിൻസിയുടെ മക്കളാണ് മൃതദേഹം കണ്ടെത്തിയത്.
കുടുംബ പ്രശ്നങ്ങളെ തുടർന്ന് ദിവസങ്ങളായി പ്രിൻസി തെന്നൂർക്കോണത്തുള്ള സഹോദരി ഷെറിയുടെ വീട്ടിലായിരുന്നു താമസം. ശനിയാഴ്ച വൈകീട്ട് അവിടെയെത്തിയ അന്തോണിദാസ്, പ്രിൻസിയെയും മക്കളെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയായിരുന്നു.
വീട്ടിലെത്തിയ ഉടനെ അന്തോണിദാസ് മക്കളെ കളിക്കാൻ പറഞ്ഞു വിട്ടു. തിരിച്ച് വന്നപ്പോൾ അച്ഛൻ വീട്ടിൽ നിന്നും ഇറങ്ങി പോകുന്നതാണ് കണ്ടതെന്ന് മകൻ പോലീസിനോട് പറഞ്ഞു. അകത്തെ മുറിയിലെത്തിയപ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുന്നത് കണ്ട കുട്ടി, വീടിനടുത്ത് താമസിക്കുന്ന അച്ഛന്റെ അമ്മ മേവിലയെയും അയൽക്കാരിയായ സൂസന്നയെയും വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി പ്രിൻസിയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ശ്വാസം മുട്ടിയാണ് മരണം സഭവിച്ചതെന്ന് മൃതദേഹ പരിശോധനയിലാണ് വ്യക്തമായത്. ദിൽഷാൻ, ദിഷാൻ, ദിൽദിഹാന എന്നിവരാണ് അന്തോണിദാസ്, പ്രിൻസി ദമ്പതികളുടെ മക്കൾ.












