കൊച്ചി : കൊച്ചിയിലെ കുടിവെള്ള പ്രശ്‌നത്തിൽ പരിഹാരം തേടി ഹൈക്കോടതിയിൽ ഹർജി. കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പൊതുപ്രവർത്തകൻ ഇ എൻ നന്ദകുമാറാണ് ഹർജി നൽകിയിരിക്കുന്നത്. ജില്ലാ കളക്ടർ, മരട് മുനുസിപ്പൽ സെക്രട്ടറി തുടങ്ങിയവരെ എതിർകക്ഷികളാക്കിയാണ് ഹർജി സമർപ്പിച്ചത്.
ദിവസങ്ങളായി വെള്ളമില്ലാതെ ജനങ്ങൾ ദുരിതമനുഭവിക്കുകയാണ്. പാഴൂർ പമ്പ് ഹൗസിലെ രണ്ടാമത്തെ മോട്ടോറിന്റെ ട്രയൽ റൺ ഇന്നും നടക്കാതെ വന്നതോടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കണ്ടെത്താൻ ഇനിയും വൈകും. ഇന്ന് രാവിലെ ട്രയൽ റൺ നടത്താനാകുമെന്നാണ് ജല അതോറിറ്റി അധികൃതരും, ജില്ലാ ഭരണകൂടവും അറിയിച്ചിരുന്നത്. എന്നാൽ മോട്ടോറിന്റെ ഫിറ്റിംഗ് ജോലികൾ ഇനിയും തീർന്നിട്ടില്ല. ഇതോടെയാണ് ട്രയൽ റൺ അനിശ്ചിതത്വത്തിലായത്.
നാളെ പുലർച്ചയോടെയെങ്കിലും ട്രയൽ റൺ നടത്താനാകുമെന്നാണ് ജല അതോറിറ്റി പ്രതീക്ഷിക്കുന്നത്. മൂന്നാമത്തെ മോട്ടോർ വെള്ളിയാഴ്ച്ച ട്രയൽ റൺ നടത്താമെന്നും കണക്കുകൂട്ടുന്നുണ്ട്. പശ്ചിമകൊച്ചിയിലേക്ക് ടാങ്കർ വെള്ളം വിതരണം ചെയ്യുന്നത് ഇപ്പോഴും തുടരുകയാണ്.
Discussion about this post