കണ്ണൂർ : ആർഎസ്എസ് പ്രവർത്തകൻ വിനീഷ് വധക്കേസിലെ പ്രതി ആകാശ് തില്ലങ്കേരി അറസ്റ്റിൽ. കാപ്പ ചുമത്തിയാണ് മുഴക്കുന്ന് പോലീസ് ആകാശിനെ അറസ്റ്റ് ചെയ്തത്. കളക്ടറുടെ ഉത്തരവ് പ്രകാരമാണ് നടപടി. ആകാശിൻറെ കൂട്ടാളി ജിജോ തില്ലങ്കേരിയെയും പോലീസ് കാപ്പ ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.
യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഷുഹൈബ് വധക്കേസിലും തില്ലങ്കേരിയിലെ ആർഎസ്എസ് പ്രവർത്തകൻ വിനീഷ് വധക്കേസിലും പ്രതിയാണ് ആകാശ് തില്ലങ്കേരി. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്.
അടുത്തിടെ സിപിഎം നേതൃത്വത്തെ വെല്ലുവിളിച്ചുകൊണ്ട് ആകാശ് തില്ലങ്കേരി രംഗത്തെത്തിയത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിരുന്നു. പാർട്ടിക്ക് വേണ്ടി കൊലപാതകം നടത്തിയിട്ടുണ്ടെന്ന് ഫേസ്ബുക്ക് കമന്റിലൂടെയാണ് ആകാശ് വെളിപ്പെടുത്തിയത്. കൊലപാതകത്തിന് ആഹ്വാനം ചെയ്തവർക്ക് സഹകരണ സ്ഥാപനങ്ങളിൽ ജോലികിട്ടിയെന്നും നടപ്പാക്കിയവർക്ക് പട്ടിണിയും പടിയടച്ച് പിണ്ഡംവെക്കലുമാണ് പ്രതിഫലമെന്നുമാണ് ആകാശ് പറഞ്ഞത്. ഇതോടെ ന്യായീകരണവുമായി നേതാക്കളും രംഗത്തെത്തി. ഇത് സംബന്ധിച്ച് കണ്ണൂരിലെ തില്ലങ്കേരിയിൽ സിപിഎം വിശദീകരണയോഗവും നടന്നിരുന്നു.
ആകാശിന് പാർട്ടിയുമായി ബന്ധമില്ലെന്നും പണ്ടേ പാർട്ടി പുറത്താക്കിയതാണെന്നുമാണ് എംവി ഗോവിന്ദൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പറഞ്ഞത്. ആർഎസ്എസിനേക്കാൾ വലിയ ശത്രുക്കൾ ആകാശിനെപ്പോലെയുള്ള ക്വട്ടേഷൻ സംഘങ്ങളാണെന്ന് ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റി അംഗം ഷാജറും തുറന്നടിച്ചിരുന്നു. ആകാശുമായി ബന്ധപ്പെടുന്നവരെ പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും നേതൃത്വം അറിയിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് പാർട്ടിക്ക് തലവേദനയായി മാറിയ ആകാശിനെ പോലീസ് കാപ്പ ചുമത്തി പൂട്ടിയത്.
Discussion about this post