കൊച്ചി: വരാപ്പുഴയിലെ പടക്ക നിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ പരിക്കേറ്റ ഒരാൾ മരിച്ചു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഏഴ് പേരിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേരുടെ നില ഗുരുതരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.
വരാപ്പുഴ മുട്ടിനകത്ത് പടക്ക നിർമ്മാണ ശാലയിൽ വൈകീട്ട് 5.00 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പടക്ക നിർമ്മാണ ശാല പൂർണമായും തകർന്നു. അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. രക്ഷാപ്രവർത്തനങ്ങൾക്കിടെ തുടർ സ്ഫോടനം ഉണ്ടായത് വീണ്ടും പരിഭ്രാന്തി സൃഷ്ടിച്ചു.
സ്ഫോടനം നടന്നതിന് ഒന്നര കിലോമീറ്റർ ചുറ്റളവിൽ വൻ പ്രകമ്പനം ഉണ്ടായി. സ്‌ഫോടനത്തിൽ സമീപത്തെ വീട് പൂർണമായും തകർന്നു. പതിനഞ്ചോളം വീടുകളുടെ ജനൽ ചില്ലുകളും തകർന്നിട്ടുണ്ട്. ഭൂമികുലുക്കമാണ് ഉണ്ടായതെന്ന് തെറ്റിദ്ധരിച്ച് പലരും വീടുകൾക്ക് പുറത്തേക്ക് ഓടി. നിലവിൽ ജില്ലാ കളക്ടർ രേണു രാജ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയിട്ടുണ്ട്.
Discussion about this post