അഗർത്തല: തിപ്ര മോധ എന്ന ഗോത്രവർഗ കക്ഷി അപ്രതീക്ഷിത മുന്നേറ്റം നടത്തിയ ത്രിപുരയിൽ കേവല ഭൂരിപക്ഷം കടന്ന് ബിജെപി. ഏറ്റവും പുതിയ ലീഡ് നില അനുസരിച്ച് ബിജെപി 3 സീറ്റുകളിൽ വിജയിച്ചു. 32 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇടത്- കോൺഗ്രസ് സഖ്യം 14 സീറ്റുകളിൽ മാത്രമാണ് മുന്നേറ്റം നടത്തുന്നത്. ഗോത്ര വർഗ മേഖലകളിലെ 10 സീറ്റുകളിൽ തിപ്ര മോധയാണ് ലീഡ് ചെയ്യുന്നത്. ബിജെപി നേതാവും മുഖ്യമന്ത്രിയുമായ മാണിക് സാഹ ത്രിപുരയിൽ വിജയിച്ചു.
കാഞ്ചൻപൂരിൽ ലീഡ് ചെയ്യുന്ന സ്വതത്രൻ ബിജെപിക്ക് പിന്തുണ അറിയിച്ചു. മുൻ ബിജെപി നേതാവാണ് ഇദ്ദേഹം. തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തിയ തിപ്ര മോധ, ബിജെപി സഹകരണത്തിന് വൈമുഖ്യമില്ല എന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ, നിലവിൽ കേവല ഭൂരിപക്ഷം ഉറപ്പിച്ച ബിജെപിക്ക് ഈ സഹകരണത്തിന്റെ ആവശ്യം ഉണ്ടാകില്ല എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.
നാഗാലാൻഡിൽ പ്രതിപക്ഷത്തെ തരിപ്പണമാക്കി ബിജെപി സഖ്യം അധികാരത്തിലേക്ക് മുന്നേറുകയാണ്. മേഘാലയയിലും ബിജെപി സഖ്യം അധികാരത്തിലെത്തും എന്ന സൂചനകളാണ് ഏറ്റവും പുതിയതായി പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.








